കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നു: ഡൗണ്‍ടൗണ്‍ കാല്‍ഗറിയില്‍ സുരക്ഷ പ്രധാന ആശങ്കയെന്ന് വ്യാപാരസ്ഥാപനങ്ങള്‍ 

By: 600002 On: Sep 30, 2024, 9:39 AM

 

 

പാന്‍ഡെമിക്കിന് ശേഷം മയക്കുമരുന്ന് ഉപയോഗവും മോഷണങ്ങളും മറ്റ് കുറ്റകൃത്യങ്ങളും വര്‍ധിച്ചതോടെ സുരക്ഷയെക്കുറിച്ച് ആശങ്കയുണ്ടെന്ന് ഡൗണ്‍ടൗണ്‍ കാല്‍ഗറിയിലെ വ്യാപാരസ്ഥാപനങ്ങളുടെ ഉടമകള്‍. വ്യാപാരസ്ഥാപനങ്ങള്‍ക്കും ജീവനക്കാര്‍ക്കും നേരെ നടക്കുന്ന ആക്രമണങ്ങള്‍ ചെറുക്കുന്നതിനായി ശക്തമായ നടപടികള്‍ സ്വീകരിച്ചതായും ബിസിനസ്സ് ഉടമകള്‍ പറയുന്നു. 11 അവന്യു സൗത്ത് വെസ്റ്റിലെ Circle K  പോലുള്ള സ്ഥാപനങ്ങള്‍ കുറ്റകൃത്യങ്ങള്‍ നേരിടാന്‍ രാത്രിയില്‍ ഉപഭോക്താക്കള്‍ക്ക് വിന്‍ഡോ സര്‍വീസാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സാധനങ്ങള്‍ വാങ്ങാന്‍ വരുന്നവര്‍ പുറത്ത് കാത്തുനില്‍ക്കണം. വിന്‍ഡോയിലൂടെ ഉപഭോക്താക്കള്‍ ആവശ്യപ്പെടുന്ന വസ്തുക്കള്‍ നല്‍കുന്നു. 

സ്റ്റീഫന്‍ അവന്യുവിലെ നിരവധി ബ്ലോക്കുകളിലെ വ്യാപാരസ്ഥാപനങ്ങളും തങ്ങളുടെ സുരക്ഷയെക്കുറിച്ച് ആശങ്കാകുലരാണ്. മയക്കുമരുന്ന് ഉപയോഗവും മോഷണവും വര്‍ധിച്ചത് ക്രൂരമായ ആക്രമണങ്ങളിലേക്കും നയിക്കുന്നതായി ഉടമകളും ജീവനക്കാരും പറയുന്നു. ആക്രമണങ്ങള്‍ വര്‍ധിക്കുന്നതോടെ ഉപഭോക്താക്കളുടെയും സഞ്ചാരികളുടെയും വരവും കുറയുകയാണെന്ന് ബിസിനസ് ഉടമ പറഞ്ഞു. 

കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നതിന്റെ പ്രധാന കാരണം വീടുകളില്ലാതെ തെരവില്‍ അലയുന്നവരുടെ എണ്ണം വര്‍ധിക്കുന്നതാണ്. ഇതിന് പരിഹാരം കണ്ടാല്‍ പ്രശ്‌നങ്ങള്‍ ഒരു പരിധി വരെ അവസാനിക്കുമെന്ന് വാര്‍ഡ് 7 കൗണ്‍സിലര്‍ ടോറി വോങ് അഭിപ്രായപ്പെട്ടു. പാര്‍പ്പിടങ്ങള്‍ കണ്ടെത്തി തെരവുവില്‍ കഴിയുന്നവരെ അവിടേക്ക് മാറ്റാനുള്ള ശ്രമങ്ങള്‍ നടത്തുക എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആല്‍ഫ ഹൗസുമായി ചേര്‍ന്ന് ഡൗണ്‍ടൗണ്‍ ഔട്ട്‌റീച്ച് ടീമിനെ സജ്ജമാക്കിയിട്ടുണ്ട്. ഇവര്‍ കാല്‍ഗറി പോലീസ് ഡിപ്പാര്‍ട്ട്‌മെന്റുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.