പുതിയ മാറ്റങ്ങള്‍ തിരിച്ചടി: ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കാനഡയോടുള്ള താല്‍പ്പര്യം കുറയുന്നു 

By: 600002 On: Sep 28, 2024, 12:55 PM

 

 

കാനഡയിലെ പഠനവും ജോലിയും സ്വപ്‌നം കാണുന്നവര്‍ക്കേറ്റ തിരിച്ചടിയായി മാറിയിരിക്കുകയാണ് കനേഡിയന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പുതിയ മാറ്റങ്ങള്‍. ഇതോടെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ പഠനകേന്ദ്രമെന്ന നിലയില്‍ കാനഡയോടുള്ള താല്‍പ്പര്യം കുറയുന്നതായി പഞ്ചാബ് ആസ്ഥാനമായുള്ള വിദേശ പഠന കണ്‍സള്‍ട്ടന്‍സികള്‍ പറയുന്നു. അടുത്ത വര്‍ഷം മുതല്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന സ്റ്റഡി പെര്‍മിറ്റുകളുടെ എണ്ണം വീണ്ടും കുറയ്ക്കുമെന്ന് ഫെഡറല്‍ സര്‍ക്കാര്‍ അറിയിച്ചിരിക്കുകയാണ്. ഈ വര്‍ഷം മുതല്‍ 35 ശതമാനം കുറച്ച പെര്‍മിറ്റുകളുടെ എണ്ണം അടുത്ത വര്‍ഷം 10 ശതമാനം കൂടി കുറയ്ക്കുമെന്ന് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രോഡോ വ്യക്തമാക്കിയിട്ടുണ്ട്. ഈ പ്രഖ്യാപനം പ്രധാനമായും ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെയാണ് സാരമായി ബാധിക്കാന്‍ പോകുന്നത്. 

അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ എണ്ണം കുറയ്ക്കുന്നതിന്റെ ഭാഗമായി മുന്‍ വര്‍ഷത്തേക്കാള്‍ 2023 ല്‍ ഇന്ത്യയില്‍ നിന്ന് 15 ശതമാനം കുറവ് സ്റ്റഡി പെര്‍മിറ്റ് അപേക്ഷകളാണ് ഐആര്‍സിസി പ്രോസസ് ചെയ്തത്. ഐആര്‍സിസിയുടെ പുതിയ ഡാറ്റ പ്രകാരം, കാനഡയില്‍ 2024 ജനുവരി മുതല്‍ ജൂലൈ വരെ മൊത്തം 107,385 ഇന്ത്യന്‍ സ്റ്റഡി പെര്‍മിറ്റ് ഹോള്‍ഡര്‍മാര്‍ ഉണ്ടായിരുന്നു. അതേസമയം, 2023 ജൂണിനെ അപേക്ഷിച്ച് ഈ വര്‍ഷം ജൂണില്‍ 20 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. 

കാനഡയിലെ മാറ്റങ്ങള്‍ കാരണം വിദ്യാര്‍ത്ഥികള്‍ ജര്‍മ്മനി, യുകെ തുടങ്ങിയിടങ്ങളിലേക്ക് കൂടുതലായി ഉപരിപഠനത്തിനായി പോകാന്‍ തുടങ്ങിയതായി കാനഡയില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ അഭിപ്രായപ്പെടുന്നു. 

വിദേശത്തു നിന്നുള്ള തൊഴിലാളികളുടെ വരവ് നിയന്ത്രിക്കുന്ന കാനഡയുടെ പുതിയ ലേബര്‍ മാര്‍ക്കറ്റ് ഇംപാക്ട് അസസ്‌മെന്റ് പ്രാബല്യത്തില്‍ വന്നതും ഇന്ത്യക്കാര്‍ക്ക് തിരിച്ചടിയാവുകയാണ്. കൂടാതെ ഓപ്പണ്‍ വര്‍ക്ക് പെര്‍മിറ്റുകള്‍ക്കുള്ള യോഗ്യതാ മാനദണ്ഡങ്ങളിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഡോക്ടറല്‍, ചില മാസ്‌റ്റേഴ്‌സ് പ്രോഗ്രാമുകള്‍, തെരഞ്ഞെടുത്ത പ്രൊഫഷണല്‍ പ്രോഗ്രാമുകള്‍, ചില പൈലറ്റ് പ്രോഗ്രാമുകള്‍ എന്നിവയിലെ വിദ്യാര്‍ത്ഥികളുടെ പങ്കാളികള്‍ക്ക് സ്പൗസല്‍ ഓപ്പണ്‍ വര്‍ക്ക് പെര്‍മിറ്റുകള്‍ക്കുള്ള യോഗ്യതയില്‍ ഐആര്‍സിസി കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും.