കാനഡയിൽ സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്നവര്‍ക്ക് തലവേദനയായി ഇന്‍ഷുറന്‍സ് പ്രശ്‌നങ്ങള്‍ 

By: 600002 On: Sep 26, 2024, 12:38 PM

 

കാലാവസ്ഥാ വ്യതിയാനം ചെറുക്കുന്നതിന്റെ ഭാഗമായി ക്ലീന്‍ എനര്‍ജിയിലേക്ക് മാറാനുള്ള ശ്രമത്തിലാണ് കാനഡയിലെ ജനങ്ങള്‍. ഈ നീക്കത്തിന്റെ ഭാഗമായി ആളുകള്‍ കൂടുതലായി ഇലക്ട്രോണിക് വാഹനങ്ങള്‍ വാങ്ങുകയും വീടുകളില്‍ ഹീറ്റ് പമ്പുകളും സോളാര്‍ പാനലുകളും സ്ഥാപിക്കുകയും ചെയ്യുകയും ചെയ്യുന്നു. എന്നാല്‍ ഇതിന് ഹോം ഇന്‍ഷുറന്‍സ് കമ്പനികളില്‍ നിന്ന് അപ്രതീക്ഷിത തടസ്സം നേരിടുകയാണ് ചില ആളുകള്‍. ഗ്രീന്‍ ടെക്‌നോളജിയുമായി ബന്ധപ്പെട്ട അധിക ഇന്‍ഷുറന്‍സ് പ്രശ്‌നങ്ങള്‍ സോളാര്‍ പാനലുകള്‍ പോലുള്ളവ സ്ഥാപിച്ചവര്‍ നേരിടുന്നുണ്ട്. ഹീറ്റ് പമ്പ് ഇന്‍സ്റ്റാളേഷനുമായി ബന്ധപ്പെട്ട് ഹോം ഇന്‍ഷുറന്‍സ് റദ്ദാക്കിയതായി ചില താമസക്കാര്‍ പറയുന്നു. ഇതേ പ്രതിസന്ധി സോളാര്‍ പാനല്‍ സ്ഥാപിക്കുന്നവരും നേരിടുന്നുണ്ട്. 

ഇന്‍ഷുറന്‍സ് കമ്പനികളില്‍ നിന്നുള്ള പ്രതികരണം ഗ്രീന്‍ ടെക്‌നോളജി നടപ്പിലാക്കാനുള്ള ആളുകളുടെ ആഗ്രഹത്തെ നിരുത്സാഹപ്പെടുത്തുന്നുണ്ടെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ ആളുകള്‍ അവരുടെ ഇന്‍ഷുറന്‍സിനെ എങ്ങനെ മാറ്റുമെന്നതിനെക്കുറിച്ച് അനുമാനങ്ങള്‍ സൃഷ്ടിക്കരുതെന്നും ഒരു കമ്പനി അവര്‍ക്ക് കവറേജ് നിഷേധിച്ചാല്‍ അവര്‍ ഉപേക്ഷിക്കരുതെന്നും ഇന്‍ഷുറന്‍സ് ബ്യൂറോ ഓഫ് കാനഡ വക്താവ് പറഞ്ഞു. 

സോളാര്‍ പാനലുകള്‍ സ്ഥാപിക്കാന്‍ ചില ഹോം ഇന്‍ഷുറന്‍സ് ഓപ്ഷനുകളുണ്ട്. ആള്‍സ്റ്റേറ്റ് കാനഡയുടെ പിന്തുണയുള്ള പെംബ്രിഡ്ജ് ഇന്‍ഷുറന്‍സ് കമ്പനിയുടെ ഹോം ഇന്‍ഷുറന്‍സ് സോളാര്‍ പാനലുകള്‍ സ്ഥാപിക്കാന്‍ പിന്തുണയ്ക്കുന്നുണ്ട്. സോളാര്‍ പാനലുകള്‍ മാറ്റിസ്ഥാപിക്കുന്നതിനുള്ള ചെലവ് കവറേജില്‍ 60,000 ഡോളര്‍ വരെ പ്രോപ്പര്‍ട്ടി പോളിസികളില്‍ ഉള്‍പ്പെടുന്നുവെന്ന് ആള്‍സ്റ്റേറ്റ് പറയുന്നു. അതേസമയം, സോളാര്‍ പാനലുകളുള്ള വീടുകള്‍ക്ക് കവറേജ് നല്‍കുമെന്ന് സിഎഎ യും അറിയിച്ചു.