സ്വന്തം രാജ്യത്തെ കുട്ടികളെ വിദേശികള്‍ക്ക് ദത്തെടുക്കാന്‍ അനുമതി നല്‍കുന്ന നയം പിന്‍വലിച്ചിരിക്കുകയാണ് ചൈന. ഇന്റര്‍നാഷണല്‍ അഡോപ്ഷന്‍ പ്രോഗ്രാം അവസാനിപ്പിക്കുന്നതായി ചൈനീസ് സര്‍ക്കാര്‍ വ്യക്തമാക്കി. ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിങ് ആണ് ഇത് സംബന്ധിച്ച തീരുമാനം അറിയിച്ചത്. രക്തബന്ധമുള്ളവര്‍ക്ക് കുട്ടികളെ ദത്തെടുക്കാമെന്നും ഈ വ്യവസ്ഥയില്‍ ഉള്‍പ്പെടുന്നതല്ലാത്ത ദത്തെടുക്കാനുള്ള ഒരു അപേക്ഷയും ഇനി പരിഗണിക്കില്ലെന്ന് ചൈന അറിയിച്ചിട്ടുണ്ട്.
ചൈനയുടെ ഈ തീരുമാനം ചൈനയില്‍ നിന്നും കുട്ടികളെ ദത്തെടുക്കാനായി അപേക്ഷ നല്‍കി കാത്തിരിക്കുന്ന കാനഡ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ കുടുംബങ്ങളെ ബാധിക്കുമെന്ന് അധികൃതര്‍ പറയുന്നു. നിലവില്‍ നല്‍കിയിരിക്കുന്ന അപേക്ഷകള്‍ പൂര്‍ത്തിയാക്കാന്‍ ചൈനീസ് സര്‍ക്കാരിനോട് ആവശ്യപ്പെടണമെന്നാണ് കാനഡയിലെ അപേക്ഷ നല്‍കി കാത്തിരിക്കുന്ന കുടുംബങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നത്.
എന്തുകൊണ്ടാണ് പദ്ധതി അവസാനിപ്പിക്കുന്നതെന്ന് ചൈന വിശദീകരിച്ചിട്ടില്ല. എന്നാല്‍ ജനന നിരക്ക് കുറയുന്നതും 2015 ലെ ഒരു കുട്ടി നയത്തിന്റെ അവസാനവും രാജ്യത്തിനകത്ത് ദത്തെടുക്കല്‍ വര്‍ധനയുമായി ബന്ധപ്പെട്ടിരിക്കാമെന്ന് നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു. രാജ്യത്ത് ജനന നിരക്ക് കുറഞ്ഞതുമായി ചൈനയുടെ പ്രഖ്യാപനത്തിന് ബന്ധമുണ്ടെന്നും ചില റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. ചൈനയിലെ ജനനനിരക്ക് പ്രതിവര്‍ഷം കുറഞ്ഞുകൊണ്ടിരിക്കുകയാണ്.