കാൽഗരിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഓണാഘോഷത്തിനാണ് സെപ്റ്റംബർ 21ന് കാൽഗരി സാക്ഷ്യം വഹിച്ചത്. മലയാളീ കൾച്ചറൽ അസോസിയേഷൻ ഓഫ് ക്യാല്ഗരീ (MCAC) സംഘടിപ്പിച്ച മെഗാ ഓണാഘോഷമാണ് ആയിരത്തിൽ അധികം പേർ പങ്കെടുത്തുകൊണ്ട് ചരിത്രത്തിൽ ഇടംപിടിച്ചിരിക്കുന്നത്. കാൽഗരി നോർത്ത് ഈസ്റ്റിൽ Genesis Centre-ലെ വിശാലമായ ഫീച്ചർ ജിമ്മിൽ വെച്ചാണ് വിപുലമായ ഈ ഓണാഘോഷം നടന്നത്. രാവിലെ 10 മണിക്ക് MCAC പ്രസിഡന്റ് ശ്രീ മുഹമ്മദ് റഫീഖ്, MCAC പ്ലാറ്റിനം സ്പോൺസർ ശ്രീ ജിജോ വര്ഗീസ് മറ്റു എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ എന്നിവർ ചേർന്ന് ഈ ആഘോഷദിനത്തിന്റെ തിരി തെളിയിച്ചു. തുടർന്നു കാൽഗരിയിലെ മികവുറ്റ കലാകാരന്മാർ അവതരിപ്പിച്ച തിരുവാതിര, ഓണപ്പാട്ടുകൾ, ഫ്യൂഷൻ ഡാൻസ്, ബാൻഡ് പെർഫോമൻസ് തുടങ്ങിയ കലാപരിപാടികൾ ഈ ആഘോഷത്തിന് മാറ്റ് കൂട്ടി. അതിൽ തന്നെ, ഇടശ്ശേരിയുടെ പൂതപ്പാട്ടിന്റെ നൃത്യാവിഷ്കാരം വളരെ പുതുമയാർന്നതും ആകർഷകവുമായിരുന്നു. ആഘോഷത്തിൽ പങ്കെടുക്കുവാൻ എത്തിയവരെ വരവേറ്റുകൊണ്ട് പ്രവേശന കവാടത്തിലും ഹാളിന്റെ തുടക്കത്തിലും ഒരുക്കിയ പൂക്കളങ്ങളും മറ്റ് അലങ്കാരങ്ങളും ഏവരെയും വളരെ അധികം ആകർഷിച്ചു. മലയാളികൾക്ക് അനുഗ്രഹം ചൊരിയുവാൻ പുലികളിയുടെയും താലപ്പൊലിയുടെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടെ എത്തിയ മാവേലിയും ഈ ആഘോഷത്തിന്റെ മാറ്റ് കൂട്ടി.
ഈ ഓണാഘോഷത്തിന്റെ ഏറ്റവും പ്രധാന ആകർഷണം വിഭവസമൃദ്ധമായ ഓണസദ്യ തന്നെ ആയിരുന്നു. പരമ്പരാഗതമായ രീതിയിൽ തൂശനിലയിൽ വിളമ്പിയ സദ്യയിൽ 2 തരം പായസങ്ങൾ ഉളപ്പടെ 26 കൂട്ടം വിഭവങ്ങൾ ഉണ്ടായിരുന്നു. പ്രതിജ്ഞാബദ്ധരായി അണിനിരന്ന 130-ൽ പരം വോളന്റീർമാരുടെ കഠിനപ്രയത്നത്താൽ 1000-ൽ അധികം പേർക്ക് കുറ്റമറ്റ രീതിയിൽ ഓണസദ്യ വിളമ്പുവാൻ സാധിച്ചു. സദ്യക്ക് ശേഷം നടന്ന മലയാളി മങ്ക, മലയാള ശ്രീമാൻ, പുരുഷന്മാരുടെ സാരി ഉടുക്കൽ, സ്ത്രീകളുടെ വടംവലി തുടങ്ങിയ രസകരമായ മതസരങ്ങളും ഏവരുടെയും ഗൃഹാതുരതയെ ഉണർതുന്നതായിരുന്നു. സ്വന്തം ജന്മനാട്ടിൽ നിന്നും കാതങ്ങൾക്കകലെ താമസിക്കുന്ന കാൽഗരിയിലെ മലയാളി സമൂഹത്തിനു ഒരു മറക്കാനാവാത്ത ഓണാനുഭവം സമ്മാനിച്ചു എന്ന ചാരിതാർഥ്യം MCAC-യുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ പങ്കുവെച്ചു.