സ്റ്റുഡന്റ് വിസ അനുവദിച്ചതിന് ശേഷം കാനഡയില്‍ തുടരുന്നതിനായി അഭയം തേടുന്ന അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ധിച്ചതായി ഇമിഗ്രേഷന്‍ മിനിസ്റ്റര്‍ മാര്‍ക്ക് മില്ലര്‍. അത് അപകടകരമായ പ്രവണതയാണെന്ന് മന്ത്രി സൂചിപ്പിച്ചു. ട്യൂഷന്‍ ഫീസ് കുറയ്ക്കുന്നതിന് കാനഡയിലേക്കുള്ള 'ബാക്ക്‌ഡോര്‍ എന്‍ട്രി' എന്ന നിലയിലാണ് ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ് പ്രോഗ്രാം ഉപയോഗിക്കുന്നതെന്ന് മില്ലര്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഇമിഗ്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് വിഷയം പഠിച്ചു വരികയാണെന്നും പരിപാടിയില്‍ കൂടുതല്‍ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കാന്‍ പദ്ധതിയിടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സ്റ്റുഡന്റ് വിസയില്‍ കാനഡയില്‍ എത്തി തീവ്രവാദ പ്രവര്‍ത്തനം നടത്തിയതിന് പിടിയിലായ പാക് പൗരന്‍ കാനഡയില്‍ അഭയം തേടിയിരുന്നോ എന്ന ചോദ്യത്തിന് പിന്നാലെയാണ് അഭിപ്രായ പ്രകടനം നടത്തിയത്. കോടതിയുടെ പരിഗണനയിലിരിക്കുന്നതിനാല്‍ ഖാന്റെ കേസിനെക്കുറിച്ച് അഭിപ്രായം പറയില്ലെന്ന് മില്ലര്‍ പറഞ്ഞു. എന്നാല്‍ സ്റ്റുഡന്റ് വിസയില്‍ വന്ന് അഭയം തേടുന്ന അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ധിക്കുന്നതായി മില്ലര്‍ വ്യക്തമാക്കി.
സ്റ്റുഡന്റ് വിസ നേടി രാജ്യത്തെത്തി ആദ്യ വര്‍ഷത്തിനുള്ളില്‍ അഭയം തേടുന്നവരുടെ എണ്ണം വര്‍ധിക്കുന്നുണ്ടെന്നും ട്യൂഷന്‍ ഫീസ് കനേഡിയന്‍ നിരക്കിലേക്ക് കുറയ്ക്കാനാണ് ലക്ഷ്യമിടുന്നതെന്നും മില്ലര്‍ പറയുന്നു.