എക്‌സ് ഇ സി: കാനഡയില്‍ വ്യാപിക്കുന്ന കോവിഡിന്റെ പുതിയ വകഭേദത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി ആരോഗ്യ വിദഗ്ധര്‍ 

By: 600002 On: Sep 21, 2024, 2:05 PM

 


യൂറോപ്പില്‍ പടര്‍ന്നുപിടിക്കുന്ന കോവിഡിന്റെ പുതിയ വകഭേദമായ എക്‌സ് ഇ സിയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി ആരോഗ്യവിദഗ്ധര്‍. ജൂണില്‍ ജര്‍മ്മനിയിലാണ് ആദ്യമായി പുതിയ വകഭേദം തിരിച്ചറിഞ്ഞത്. ജൂലൈയിലാണ് കാനഡയില്‍ എക്‌സ്ഇസി സ്ഥിരീകരിച്ചത്. ഇതുവരെ 13 രാജ്യങ്ങളില്‍ വകഭേദം റിപ്പോര്‍ട്ട് ചെയ്തു. ഒമിക്രോണിന്റെ ഉപവിഭാഗമായ കെഎസ് 1.1, കെപി 3.3 എന്നിവ ചേര്‍ന്നാണ് എക്‌സ്ഇസി രൂപപ്പെട്ടത്. 

കാനഡയില്‍ ഒന്റാരിയോയിലാണ് വകഭേദം റിപ്പോര്‍ട്ട് ചെയ്തത്. കോവിഡ് കേസുകള്‍ ഉയരുന്നതിന് കാരണമായ വകഭേദമാണ് കെഎസ് 1.1. കെപി 3.3 അതീവ അപകടകാരിയാണ്. ഇവ രണ്ടും ചേര്‍ന്ന എക്‌സ് ഇ സി കൂടുതല്‍ അപകടകാരിയായേക്കുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ഓഗസ്റ്റ് 25 മുതല്‍ 31 വരെയുള്ള ആഴ്ചയില്‍ ലഭ്യമായ പുതിയ ഡാറ്റ പ്രകാരം കാനഡയില്‍ കേസുകളുടെ 50.5 ശതമാനം കെപി 3.1.1 ആണ്. സെപ്തംബര്‍ 18 ഓടെ ഇത് 60.2 ശതമാനമായി ഉയരുമെന്നാണ് പ്രവചിച്ചത്. 

രോഗബാധ ഗുരുതരമാകാതെ സഹായിക്കാന്‍ വാക്‌സിനുകള്‍ക്ക് സാധിക്കുമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. എല്ലാവരും ആരോഗ്യസുരക്ഷാ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും ബൂസ്റ്റര്‍ ഡോസുകള്‍ നിര്‍ബന്ധമായും സ്വീകരിക്കണമെന്നും മുന്നറിയിപ്പ് നല്‍കി. വാക്‌സിനുകള്‍ക്ക് ഇതിനെ പ്രതിരോധിക്കാന്‍ കഴിയുമെങ്കിലും ശൈത്യകാലത്ത് എക്‌സ്ഇസി ഏറ്റവും വ്യാപകമാകാന്‍ സാധ്യതയേറെയാണെന്നും ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നു.