മോണ്‍ട്രിയല്‍ നഗരത്തിലെ ഇസ്ലാമിക് കള്‍ച്ചറല്‍ സെന്ററില്‍ ഉച്ചകഴിഞ്ഞുള്ള പ്രാര്‍ത്ഥനയ്ക്കിടെ ഉണ്ടായ കത്തിയാക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരുക്കേറ്റു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെ മോണ്‍ട്രിയല്‍ ഓഫ് ഐലന്‍ഡ് പ്രാന്തപ്രദേശമായ ചാറ്റ്‌ഗ്വോയിലെ ഇസ്ലാമിക് കള്‍ച്ചറല്‍ സെന്ററിലാണ് സംഭവം.
സെന്റ് ജീന്‍ ബാപ്റ്റിസ്റ്റ് ബൊളിവാര്‍ഡിലെ കെട്ടിടത്തിലേക്ക് ഒരാള്‍ കത്തിയുമായി പ്രവേശിച്ചതായും തുടര്‍ന്ന് അകത്തുണ്ടായിരുന്നവരുമായി വാക്കേറ്റമുണ്ടാവുകയും ഇയാളെ പ്രതിരോധിക്കുന്നതിനിടെ മൂന്ന് പേര്‍ക്ക് പരുക്കേല്‍ക്കുകയുമായിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. ഇയാളെ അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യും. 20 വയസ് പ്രായം തോന്നിക്കുന്ന പ്രതി ഒറ്റയ്ക്കായിരുന്നു സെന്ററിലേക്ക് വന്നത്. ആക്രമണത്തിന് മുമ്പ് ഭീഷണികളൊന്നും ലഭിച്ചിരുന്നില്ലെന്ന് അഡ്മിനിസ്‌ട്രേറ്റര്‍ പറഞ്ഞു.