തകര്‍ന്നുവീഴാന്‍ സാധ്യത: യുഎസിലും കാനഡയിലും വിറ്റഴിച്ച 138,000 ലൂസിഡ് ബ്രാന്‍ഡഡ് ബെഡുകള്‍ തിരിച്ചുവിളിച്ചു 

By: 600002 On: Sep 20, 2024, 12:26 PM

 


തകര്‍ന്നുവീണ് അപകടമുണ്ടായതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ അമേരിക്കയിലും കാനഡയിലും വിറ്റഴിച്ച ലൂസിഡ് ബ്രാന്‍ഡഡ് ബെഡുകള്‍ തിരിച്ചുവിളിച്ചു. ആമസോണ്‍, വാള്‍മാര്‍ട്ട് എന്നിവയുള്‍പ്പെടെയുള്ള റീട്ടെയ്‌ലര്‍മാരില്‍ വിറ്റഴിച്ച ഏകദേശം 138,000 പ്ലാറ്റ്‌ഫോം ബെഡുകളാണ് തിരിച്ചുവിളിച്ചിരിക്കുന്നത്. തകര്‍ന്നുവീണ് പരുക്കേറ്റ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെയാണ് ബെഡുകള്‍ തിരിച്ചുവിളിച്ചത്. അമേരിക്കയിലെ യൂറ്റ ആസ്ഥാനമായുള്ള  CVB Inc.  ഇറക്കുമതി ചെയ്ത 2019 നും 2021 നും ഇടയില്‍ നിര്‍മിച്ച അപ്‌ഹോള്‍സ്‌റ്റേര്‍ഡ് സ്‌ക്വയര്‍ ടഫ്റ്റഡ് ഹെഡ്‌ബോര്‍ഡുകളുള്ള ലൂസിഡ്-ബ്രാന്‍ഡഡ് പ്ലാറ്റ്‌ഫോം ബെഡ്ഡുകളാണ് തിരിച്ചുവിളിച്ചിരിക്കുന്നത്. ഏകദേശം 137,000 ബെഡുകള്‍ അമേരിക്കയിലും 890 എണ്ണം കാനഡയിലുമാണ് തിരിച്ചുവിളിച്ചിട്ടുണ്ട്. 
 
ബെഡുകള്‍ ഉപയോഗിക്കുന്ന സമയത്ത് ഒടിഞ്ഞ് തൂങ്ങുകയോ തകര്‍ന്നുവീഴുകയോ ചെയ്‌തേക്കാമെന്ന് യുഎസ് കണ്‍സ്യൂമര്‍ പ്രൊഡക്റ്റ് സേഫ്റ്റി കമ്മീഷന്‍, ഹെല്‍ത്ത് കാനഡ എന്നിവടങ്ങളില്‍ നിന്നുള്ള പ്രസ്താവനയില്‍ പറയുന്നു. അമേരിക്കയില്‍ ഇതുവരെ 245 അപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. 18 ഓളം പേര്‍ക്ക് പരുക്കുകള്‍ സംഭവിച്ചു. കിടക്ക തകര്‍ന്നുവീണ 11 സംഭവങ്ങള്‍ കാനഡയില്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ മറ്റ് പരുക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.