ഇമിഗ്രേഷന്‍, റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡയുടെ ആപ്ലിക്കേഷന്‍ ബാക്ക്‌ലോഗുകള്‍ മാസങ്ങള്‍ക്കുള്ളില്‍ ആദ്യമായി ഒരു മില്യണിലധികം കവിഞ്ഞതായി റിപ്പോര്‍ട്ട്. പുതിയ ഡാറ്റ അനുസരിച്ച്, നിലവില്‍ ഇന്‍വെന്ററിയിലുള്ള മൊത്തം 2,364,700 ആപ്ലിക്കേഷനുകളില്‍ 2024 ജൂലൈ 31 വരെ 1,002,400 അപേക്ഷകള്‍ ബാക്ക്‌ലോഗായിട്ടുണ്ട്. 1,362,000 അപേക്ഷകള്‍ പ്രോസസ് ചെയ്യുന്നുണ്ട്. 2,274,600 അപേക്ഷകള്‍ ഇന്‍വെന്ററിയില്‍ ഉണ്ടായിരുന്ന മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ബാക്ക്‌ലോഗില്‍ 199,800 അപേക്ഷകള്‍ വര്‍ധിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നത്.
ഐആര്‍സിസിയുടെ പ്രസിദ്ധീകരിച്ച സര്‍വീസ് സ്റ്റാന്റേര്‍ഡുകള്‍ക്കുള്ളില്‍ പ്രോസസ് ചെയ്തില്ലെങ്കില്‍ അപേക്ഷകള്‍ ബാക്ക്‌ലോഗ് ആയി കണക്കാക്കും. ഈ സ്റ്റാന്റേര്‍ഡ് അപേക്ഷ പ്രോസസ് ചെയ്യുന്നതിന് ഡിപ്പാര്‍ട്ട്‌മെന്റ് കരുതുന്ന സമയപരിധിയാണ്. എല്ലാ ആപ്ലിക്കേഷനുകളുടെയും 80 ശതമാനം സര്‍വീസ് സ്റ്റാന്‍ഡേര്‍ഡുകള്‍ക്കനുസൃതമായി പ്രോസസ് ചെയ്യുന്നുണ്ടെന്ന് ഐആര്‍സിസി പറയുന്നു. ബാക്കിയുള്ള 20 ശതമാനം കൂടുതല്‍ സങ്കീര്‍ണമായി കണക്കാക്കുന്ന അല്ലെങ്കില്‍ മറ്റ് കാരണങ്ങളാല്‍ അധികസമയം ആവശ്യമായി വരുന്ന ആപ്ലിക്കേഷനുകളാണ്.
എക്‌സ്പ്രസ് എന്‍ട്രി പ്രോഗ്രാമുകള്‍, പ്രൊവിന്‍ഷ്യല്‍ നോമിനി പ്രോഗ്രാം(പിഎന്‍പി), എക്‌സ്പ്രസ് എന്‍ട്രി അലൈന്‍ഡ് സ്ട്രീം, ചില്‍ഡ്രന്‍, പാര്‍ട്‌ണേഴ്‌സ്, സ്പൗസ് സ്‌പോണ്‍സര്‍ഷിപ്പ് പ്രോഗ്രാം ഉള്‍പ്പെടെയുള്ള പെര്‍മനന്റ് റെസിഡന്റ്‌സ് ഇമിഗ്രേഷന്‍ പ്രോഗ്രാമുകള്‍ക്കായി ജൂലൈ 31 ന് ഐആര്‍സിസിക്ക് മൊത്തം 766,200 അപേക്ഷകള്‍ ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ 467,200 എണ്ണം സര്‍വീസ് സ്റ്റാന്‍ഡേര്‍ഡുകള്‍ക്കനുസൃതമായി പ്രോസസ് ചെയ്യുകയും ബാക്കിയുള്ള 299,000 എണ്ണം ബാക്ക്‌ലോഗ് ആയി കണക്കാക്കുകയും ചെയ്തു.