എന്റോള്‍മെന്റ് പ്രതിസന്ധി: കൂടുതല്‍ സ്‌കൂളുകള്‍ നിര്‍മിക്കാന്‍ ധനസഹായം പ്രഖ്യാപിച്ച് ആല്‍ബെര്‍ട്ട സര്‍ക്കാര്‍ 

By: 600002 On: Sep 19, 2024, 8:52 AM

 

 

പ്രവിശ്യയിലുടനീളം വര്‍ധിച്ചുവരുന്ന എന്റോള്‍മെന്റ് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കുന്നതിന് കൂടുതല്‍ സ്‌കൂളുകള്‍ നിര്‍മിക്കുമെന്നും ഇതിനായി ധനസഹായം വാഗ്ദാനം ചെയ്യുന്നുവെന്നും ആല്‍ബെര്‍ട്ട പ്രീമിയര്‍ ഡാനിയേല്‍ സ്മിത്ത്. എന്റോള്‍മെന്റ് പ്രശ്‌നങ്ങള്‍ക്ക് മുഖ്യ കാരണമായ കുടിയേറ്റം നിയന്ത്രിക്കാന്‍ നടപടിയെടുക്കാനും സ്മിത്ത് ഫെഡറല്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഏകദേശം 50,000 പുതിയ വിദ്യാര്‍ത്ഥി കേന്ദ്രങ്ങളില്‍ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്നും തുടര്‍ന്ന് അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ 150,000 പുചിയ ഇടങ്ങള്‍ പൂര്‍ത്തിയാക്കി തുറക്കുമെന്നും സ്മിത്ത് പറഞ്ഞു. 

മറ്റ് പ്രവിശ്യകളില്‍ നിന്നും ആല്‍ബെര്‍ട്ടയിലേക്ക് വരുന്ന ആളുകളുടെയും വിദേശ വിദ്യാര്‍ത്ഥികളുടെയും കുത്തൊഴുക്ക് പ്രവിശ്യയിലെ ജനസംഖ്യ വന്‍തോതില്‍ വര്‍ധിപ്പിച്ചു. 2023-24 ല്‍ 200,000 ത്തിലധികം ആളുകള്‍ ആല്‍ബെര്‍ട്ടയിലെത്തി. പ്രവിശ്യയുടെ ദ്രുതഗതിയിലുള്ള ജനസംഖ്യാ വളര്‍ച്ചയ്‌ക്കൊപ്പം നിലനിര്‍ത്താന്‍ നിലവിലുള്ള ബജറ്റ് പര്യാപ്തമല്ലെന്ന് സ്മിത്ത് ദൃശ്യമാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ചൂണ്ടിക്കാട്ടി. 

പരിപാടിയിലൂടെ സ്മിത്ത് പുതിയ സ്‌കൂള്‍ കണ്‍സ്ട്രക്ഷന്‍ ആക്‌സിലറേറ്റര്‍ പ്രോഗ്രാം പ്രഖ്യാപിച്ചു. 2026-27 ഓടെ മൂലധന ബജറ്റ് 8.6 ബില്യണ്‍ ഡോളറായി വര്‍ധിപ്പിക്കുമെന്നും സ്മിത്ത് പറഞ്ഞു.