പാനീയങ്ങളുടെ ലേബലുകളില്‍ നിന്ന് ബിവിഒ നീക്കം ചെയ്യാന്‍ ഒരു വര്‍ഷം കൂടി അനുവദിച്ചതായി ഹെല്‍ത്ത് കാനഡ 

By: 600002 On: Sep 18, 2024, 8:05 AM

 

 

സിട്രസ് രുചിയുള്ള ശീതള പാനീയങ്ങളില്‍ ഉപയോഗിക്കുന്ന ഫുഡ് അഡിറ്റീവായ ബ്രോമിനേറ്റഡ് വെജിറ്റബിള്‍ ഓയില്‍(ബിവിഒ) കാനഡയില്‍ നിരോധിച്ചിരിക്കുകയാണ്. എന്നാല്‍ ഉല്‍പ്പന്നങ്ങളുടെ ലേബലുകളില്‍ നിന്ന് ബിവിഒ നീക്കം ചെയ്യാന്‍ ഹെല്‍ത്ത് കാനഡ ഒരു വര്‍ഷം കൂടി സമയം അനുവദിച്ചു. സേഫ്റ്റി അസസ്‌മെന്റുകള്‍ വിലയിരുത്തിയതിന് ശേഷം ഓഗസ്റ്റ് 30 ന് ഹെല്‍ത്ത് കാനഡ അനുവദനീയമായ ഫുഡ് അഡിറ്റീവുകളുടെ പട്ടികയില്‍ നിന്നും ബിവിഒ നീക്കം ചെയ്തു. എന്നാല്‍ നിലവിലെ അനുവദനീയമായ ഉപയോഗത്തില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ കണ്ടെത്താത്തതിനാല്‍ 2025 ഓഗസ്റ്റ് 30 നുള്ളില്‍ ലേബലുകളില്‍ നിന്ന് ബിവിഒ നീക്കം ചെയ്യാന്‍ അനുമതി നല്‍കുമെന്ന് ഹെല്‍ത്ത് കാനഡ പറഞ്ഞു. ഉല്‍പ്പന്നങ്ങള്‍ പരിഷ്‌കരിക്കാനും ലേബല്‍ പുതുക്കാനും അനുവദിക്കും. ഒരു ലിറ്ററില്‍ 15 മില്ലിഗ്രാമിന് തുല്യമായ പാനീയങ്ങളില്‍ പരമാവധി 15 പാര്‍ട്ട്‌സ് പെര്‍ മില്യണ്‍ ബിവിഒ ലെവല്‍ അനുവദനീയമായി തുടരുമെന്നും ഹെല്‍ത്ത് കാനഡ അറിയിച്ചു. 

പാനീയങ്ങളില്‍ ഫ്രൂട്ട് ഫ്‌ളേവറിംഗിനായി ചെറിയ അളവില്‍ ഉപയോഗിക്കുന്ന സസ്യ എണ്ണയാണ് ബിവിഒ. പെപ്‌സിക്കോയും കൊക്കകോളയും പോലുള്ള വന്‍കിട ബീവറേജ് നിര്‍മാതാക്കള്‍ അവരുടെ ഉല്‍പ്പന്നങ്ങളില്‍ ബിവിഒ ഉപയോഗിക്കുന്നത് നിര്‍ത്തിയിട്ടുണ്ട്. യുഎസില്‍ ജൂലൈയില്‍ യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ ബിവിഒ നിരോധനം പ്രാബല്യത്തില്‍ കൊണ്ടുവന്നിരുന്നു. യുകെ, യൂറോപ്പ്, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് എന്നിവടങ്ങളിലും ബിവിഒ ഉപയോഗം നേരത്തെ നിരോധിച്ചിട്ടുണ്ട്. 

ഉയര്‍ന്ന അളവില്‍ ബിവിഒ മനുഷ്യശരീരത്തില്‍ പ്രവേശിച്ചുകഴിഞ്ഞാല്‍ ആന്തരികാവയവങ്ങളെ അപകടകരമായി ബാധിക്കും. കരള്‍, ഹൃദയം എന്നിവയുടെ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കും. തൈറോയ്ഡ് പ്രശ്‌നങ്ങളും ഉണ്ടാകുമെന്ന് എഫ്ഡിഎ മുന്നറിയിപ്പ് നല്‍കുന്നു.