കോവിഡ് കേസുകള്‍ ഉയരുന്നു; ബീസി ആരോഗ്യ സംവിധാനങ്ങള്‍ സമ്മര്‍ദ്ദത്തിലായേക്കുമെന്ന് മുന്നറിയിപ്പ് നല്‍കി ഡോക്ടര്‍മാര്‍ 

By: 600002 On: Sep 17, 2024, 11:12 AM

 


ബ്രിട്ടീഷ് കൊളംബിയയില്‍ കോവിഡ്-19 കേസുകള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഫാള്‍ സീസണിലും വിന്റര്‍ സീസണിലും ധാരാളം പേര്‍ അസുഖബാധിതരാകുന്നതിലൂടെ പ്രവിശ്യയിലെ ആരോഗ്യ പരിരക്ഷാ സംവിധാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ താളംതെറ്റുമെന്ന് ബേണബി ആസ്ഥാനമായി ജോലി ചെയ്യുന്ന ഫാമിലി ഡോക്ടര്‍ മുന്നറിയിപ്പ് നല്‍കുന്നു. കോവിഡിനെ കൂടാതെ, ജലദോഷം, ഇന്‍ഫ്‌ളുവന്‍സ, ആര്‍എസ്‌വി കേസുകളും കമ്മ്യൂണിറ്റികളില്‍ വ്യാപിക്കുന്നുണ്ടെന്ന് ഡോ.ഡേവിഡിക്കസ് വോങ് പറയുന്നു. സമ്മര്‍സീസണില്‍ കോവിഡ്-19 കമ്മ്യൂണിറ്റികളില്‍ നിലനിന്നിരുന്നു. പാന്‍ഡെമിക് സമയത്ത് നല്‍കിയ നിര്‍ദ്ദേശങ്ങള്‍ പൊതുജനങ്ങള്‍ ഇപ്പോള്‍ പാലിക്കാത്തതിനാലാണ് കോവിഡ് കേസുകളില്‍ വര്‍ധനവ് ഉണ്ടായിരിക്കുന്നത്. 

കോവിഡ് ടെസ്റ്റ് കിറ്റുകളുടെ ലഭ്യതക്കുറവ് രോഗം സ്ഥിരീകരിക്കുന്നതില്‍ കാലതാമസമുണ്ടാക്കുന്നുണ്ട്. മാത്രമവുമല്ല, അടുത്തിടെ കാലഹരണപ്പെട്ട കിറ്റുകള്‍ അത്ര വിശ്വസനീയമല്ലെന്ന് രോഗികള്‍ തന്നോട് പറഞ്ഞതായി വോങ് ചൂണ്ടിക്കാട്ടി. പ്രവിശ്യയിലെ ഭൂരിഭാഗം ആളുകള്‍ക്കും സൗജന്യമായ ഫ്‌ളൂ ഷോട്ടിനൊപ്പം പുതുക്കിയ കോവിഡ്-19 ബൂസ്റ്റര്‍ ഷോട്ട് അടുത്തമാസം ലഭ്യമാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 

രോഗം ഭേദമായെന്ന് കരുതി ആരോഗ്യ സുരക്ഷാ മുന്‍കരുതലുകള്‍ അവഗണിക്കരുതെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. മാസ്‌ക് ധരിക്കുകയും, കൈകള്‍ വൃത്തിയായി കഴുകുകയും, സാമൂഹിക അകലം പാലിക്കുകയും ചെയ്യാന്‍ വോങ് നിര്‍ദ്ദേശിച്ചു.