കാനഡയില്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ തൊഴില്‍ സമയ പരിധി ഉടന്‍ പ്രാബല്യത്തില്‍ വരും 

By: 600002 On: Sep 16, 2024, 11:58 AM

  


കാനഡയിലുടനീളമുള്ള അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് ഏര്‍പ്പെടുത്തിയ പുതിയ തൊഴില്‍ സമയ പരിധി ഉടന്‍ പ്രാബല്യത്തില്‍ വരും. ഫെഡറല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ആഴ്ചയില്‍ 24 മണിക്കൂര്‍ മാത്രം ജോലി ചെയ്യാന്‍ അനുവദിക്കുന്ന നിയമം ഫാള്‍ സെമസ്റ്റര്‍ മുതല്‍ നടപ്പാക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. പുതിയ അധ്യയന വര്‍ഷം മുതല്‍ നടപ്പാക്കുന്ന നിയമം എല്ലാ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്കും ബാധകമായിരിക്കും. എന്നാല്‍ നിയമം നിലവില്‍ വരുന്ന തിയതി ക്യത്യമായി അറിയിച്ചിട്ടില്ല.  

ക്ലാസ് നടക്കുന്ന സമയത്ത് വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് പരിധിയില്ലാതെ ജോലി ചെയ്യാന്‍ അനുവദിക്കുന്ന ചട്ടം പുതുക്കില്ലെന്ന് ഇമിഗ്രേഷന്‍ മിനിസ്റ്റര്‍ മാര്‍ക്ക് മില്ലര്‍ അറിയിച്ചിരുന്നു. കാനഡയിലേക്ക് വിദ്യാര്‍ത്ഥികളായി വരുന്ന ആളുകള്‍ മുന്‍ഗണന നല്‍കേണ്ടത് ഇവിടെ പഠിക്കാനായിരിക്കണം. ജോലിയല്ല പ്രധാനമെന്നും മില്ലര്‍ പറഞ്ഞു. 

2022 ഒക്ടോബറില്‍ ഇമിഗ്രേഷന്‍, റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ ഓഫ്-ക്യാമ്പസ് വര്‍ക്ക് അംഗീകാരമുള്ള വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ആഴ്ചയില്‍ 20 മണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്യാന്‍ താല്‍ക്കാലികമായി അനുവദിച്ചിരുന്നു. എന്നാല്‍ ജോലി ചെയ്യാനായി കൂടുതല്‍ സമയം അനുവദിക്കുന്നത് വിദ്യാര്‍ത്ഥികളുടെ അക്കാദമിക് പ്രകടനത്തെ പ്രതികൂലമായി ബാധിക്കുമെന്ന് മില്ലര്‍ അഭിപ്രായപ്പെട്ടു.