ഡോണൾഡ് ട്രംപിന് നേരെ വീണ്ടും ആക്രമണശ്രമം

By: 600007 On: Sep 16, 2024, 4:41 AM

 

 

വാഷിം​ഗടൺ: അമേരിക്കൻ പ്രസിഡന്‍റ് സ്ഥാനാർത്ഥി ഡോണൾഡ് ട്രംപിന് നേരെ വീണ്ടും ആക്രമണത്തിന് ശ്രമം. ഫ്ലോറിഡയിൽ ട്രംപ് ഗോൾഫ് കളിക്കുമ്പോഴാണ് സംഭവം. എന്നാൽ മറഞ്ഞിരുന്ന അക്രമിയെ വെടിവെയ്ക്കും മുൻപ് തന്നെ സീക്രറ്റ് സർവീസ് കീഴ്പ്പെടുത്തുകയായിരുന്നു. 58 വയസ്സുകാരനായ റയൻ വെസ്ലി റൗത്ത് ആണ് കസ്റ്റഡിയിൽ ഉള്ളത്. ഇയാളിൽ നിന്ന് AK 47 തോക്ക് കണ്ടെടുത്തു. അതേസമയം, താൻ സുരക്ഷിതനാണെന്ന് ട്രംപ് പറഞ്ഞു. ആർക്കും അപായമില്ലെന്നും വ്യക്തമാക്കി.


അക്രമിക്ക് നേരെ സീക്രറ്റ് സർവീസ് വെടിയുതിർത്തു. അക്രമി ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സീക്രറ്റ് സർവീസ് കീഴ്‌പ്പെടുത്തി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. AK 47, രണ്ട് ബാക്ക്പാക്കുകൾ, ഒരു ഗോ പ്രോ കാമറ എന്നിവയും ഇയാളിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. റഷ്യ – യുക്രൈൻ യുദ്ധത്തിൽ യുക്രൈന് വേണ്ടി സാമൂഹ്യ മാധ്യമങ്ങളിൽ ശക്തമായ നിലപാട് പ്രചരിപ്പിച്ച വ്യക്‌തിയാണ് കസ്റ്റഡിയിലുള്ള 58കാരൻ. യുക്രൈന് വേണ്ടി സൈനികരെ റിക്രൂട്ട് ചെയ്യാനും ഇയാൾ ശ്രമങ്ങൾ നടത്തിയിരുന്നതായും പൊലീസ് പറയുന്നു.