കാനഡ ലേബര്‍ മാര്‍ക്കറ്റ് ഇംപാക്ട് അസസ്‌മെന്റ്(എല്‍എംഐഎ) പ്രോഗ്രാം ഉപയോഗിച്ച് തങ്ങളെ ചൂഷണം ചെയ്യുന്നതായി ട്രക്ക് ഡ്രൈവര്‍മാരുടെ ആരോപണം. സുരക്ഷിതമല്ലാത്തതും അപകടകരവുമായ തൊഴില്‍ സാഹചര്യങ്ങളിലൂടെയാണ് തങ്ങള്‍ കടന്നുപോകുന്നതെന്ന് ഡ്രൈവര്‍മാര്‍ ഒന്നടങ്കം പറയുന്നു. ഉറക്കവും വിശ്രമവുമില്ലാതെ അസുഖം ബാധിച്ചാലും ക്ഷീണമുണ്ടായാലും തങ്ങള്‍ വാഹനമോടിക്കാന്‍ നിര്‍ബന്ധിതരാകുന്നുവെന്ന് ഡ്രൈവര്‍മാര്‍ മാധ്യമങ്ങളോട് പറഞ്ഞു. യുഎസിലെ കബോട്ടാഷ് നിയമങ്ങള്‍ ലംഘിക്കാനും സുരക്ഷിതമല്ലാത്ത വാഹനങ്ങള്‍ ഓടിക്കാനും ഡ്രൈവര്‍മാരെ നിര്‍ബന്ധിച്ചുവെന്നും ആരോപിച്ചു. വേതനം വെട്ടിക്കുറയ്ക്കുകയും ലേഓവറുകള്‍ക്കും പിക്കപ്പുകള്‍ക്കും ഡ്രോപ്പുകള്‍ക്കും പണം നല്‍കിയില്ലെന്നും ഡ്രൈവര്‍മാര്‍ കുറ്റപ്പെടുത്തി.
കാനഡയിലെ ഒരു തൊഴിലുടമയ്ക്ക് അവരുടെ ബിസിനസ്സിനായി നിശ്ചിത വൈദഗ്ധ്യമുളള ജീവനക്കാരനെ കണ്ടെത്താന്‍ കഴിയാതെ വരുമ്പോള്‍ , വിദേശ തൊഴിലാളിയെ നിയമിക്കുന്നതിനായി എംപ്ലോയ്‌മെന്റ് ആന്‍ഡ് സോഷ്യല്‍ ഡെവലപ്‌മെന്റ് കാനഡയില്‍ LMIAയ്ക്കായി അപേക്ഷിക്കാം. തൊഴിലാളികള്‍ക്ക് LMIA യ്ക്ക് പണം നല്‍കേണ്ടതില്ല. എന്നാല്‍ ട്രക്കിംഗ് കമ്പനികള്‍ ഡ്രൈവര്‍മാരില്‍ നിന്നും LMIA യ്ക്കായി പണം ആവശ്യപ്പെടുന്നുണ്ടെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.