ദില്ലി: ഇത്തവണത്തെ ക്വാഡ് ഉച്ചകോടി അമേരിക്കയിലെ ഡെലവെയറില്‍ നടക്കും. സെപ്റ്റംബര്‍ 21നാണ് ഉച്ചകോടി നടക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദി, അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍, ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ്, ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിദ എന്നിവര്‍ പങ്കെടുക്കും. ഇന്‍ഡോ-പസഫിക് മേഖലയിലെ സുരക്ഷയും സാമ്പത്തിക സഹകരണവും ഉച്ചകോടിയില്‍ പ്രധാന ചര്‍ച്ചയാകും.
ക്വാഡ് രാജ്യങ്ങള്‍ക്കിടയിലെ നയതന്ത്രം ശക്തിപ്പെടുത്തല്‍, ആരോഗ്യ സുരക്ഷ, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ വിഷയങ്ങളും യോഗത്തില്‍ ചര്‍ച്ചയാകും. അതേസമയം, അടുത്ത ക്വാഡ് ഉച്ചകോടിയ്ക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. 2024 ജനുവരിയില്‍ നിശ്ചയിച്ചിരുന്ന യോഗം ജോ ബൈഡന്റെ ക്യാമ്പയിന്‍ തിരക്കുകളും ഇന്ത്യയിലെ തിരഞ്ഞെടുപ്പുകളുടെയെല്ലാം പശ്ചാത്തലത്തില്‍ മാറ്റിവെയ്ക്കുകയായിരുന്നു. അടുത്ത വര്‍ഷത്തെ ക്വാഡ് ഉച്ചകോടിയ്ക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഈ ഉച്ചകോടി ബൈഡൻ്റെയും കിഷിദയുടെയും അവസാന ക്വാഡ് കൂടിക്കാഴ്ചയായിരിക്കും. കാരണം, ഇവരിൽ ഒരു നേതാവും അവരവരുടെ രാജ്യങ്ങളിൽ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ല. അടുത്ത യുഎസ് പ്രസിഡൻ്റ് ആരായിരിക്കും എന്നറിയാനായി ലോകരാജ്യങ്ങൾ മുഴുവൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. കമലാ ഹാരിസ് അല്ലെങ്കിൽ ഡൊണാൾഡ് ട്രംപ് പുതിയ അമേരിക്കൻ പ്രസിഡന്റാകും. അടുത്ത വർഷത്തെ ക്വാഡ് ഉച്ചകോടിയിൽ ഇവരിലൊരാളുടെ സന്ദർശനം ഇന്ത്യയിലേക്ക് പ്രതീക്ഷിക്കുന്നുണ്ട്.