മക്കളെ വിദേശത്തേക്ക് കയറ്റിവിട്ട് ഇന്ത്യൻ സമ്പന്നർ; പഠനത്തിനായി ആസ്തിയുടെ ഭൂരിഭാഗവും നൽകുന്നതായി സർവേ

By: 600007 On: Sep 12, 2024, 2:29 PM

വിദേശത്ത് പഠിക്കാൻ പോകുന്നത് ഇപ്പോൾ സർവ സാധാരണമായി മാറിയിട്ടുണ്ട്. എന്നാൽ ഇതിനു നല്ല പണ ചെലവ് വരും എന്നുള്ളത്കൊണ്ട് മാത്രം ആഗ്രഹം ഉപേക്ഷിക്കുന്നതവരാണ് ഭൂരിഭാഗവും. ഇപ്പോൾ പുറത്തുവന്നിരിക്കുന്ന ഒരു സർവേ റിപ്പോർട്ട് പ്രകാരം സമ്പന്നരായ ഇന്ത്യക്കാരിൽ നാലിൽ മൂന്ന് പേരും തങ്ങളുടെ കുട്ടികളെ വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് അയക്കുന്നുണ്ട്.  


എച്ച്എസ്ബിസി കമ്മീഷൻ ചെയ്ത ഗ്ലോബൽ ക്വാളിറ്റി ഓഫ് ലൈഫ് സർവേ പ്രകാരം, വിദേശ പഠനത്തിനായി ഏറ്റവും കൂടുതൽ ആളുകൾ തെരഞ്ഞെടുക്കുന്ന സ്ഥലം  യുണൈറ്റഡ് സ്റ്റേറ്റ്സ് ആണെന്ന് കണ്ടെത്തി. തൊട്ടുപിന്നിൽ യുണൈറ്റഡ് കിംഗ്ഡം, കാനഡ എന്നിവയാണ്. ഓസ്ട്രേലിയയും സിംഗപ്പൂരും പട്ടികയിലുണ്ട്. 

വിദേശത്ത് വിദ്യാഭ്യാസം ചെയ്യാനായി ചെലവാക്കേണ്ടി വരുന്നത് ഭീമൻ തുകയാണ്. ഒരു വർഷത്തേക്ക് പ്രതീക്ഷിക്കാവുന്ന തുക 62,364 ഡോളറാണ്, ഇതിനായി മാതാപിതാക്കൾ സേവിങ്‌സിന്റെ  64 ശതമാനം വരെ ഉപയോഗിച്ചേക്കാം എന്നാണ് സർവേ റിപ്പോർട്ട്. ഇനി സേവിങ്സ് ഇല്ലാത്തവർ ആണെങ്കിൽ  വായ്പകൾ എടുത്തും മക്കളെ വിദേശത്ത് അയച്ച് പഠിപ്പിക്കുന്നു. ഇല്ലെങ്കിൽ ആസ്തികൾ ഉണ്ടെകിൽ അത് വിൽക്കുന്നു. 

മക്കളെ വിദേശത്തേക്ക് അയച്ച് പഠിപ്പിക്കുന്നതിന്റെ പ്രധാന ഉദ്ദേശ്യം വിദേശ വിദ്യാഭ്യാസത്തിൻ്റെ ഗുണനിലവാരം തന്നെയാണ്. കൂടാതെ ഒരു മേഖലയിൽ വൈദഗ്ധ്യം നേടാനുള്ള സാധ്യത കൂടുതലാണെന്നും സർവേ പറയുന്നു.  
കുട്ടിക്ക് വിദേശത്ത് പഠിക്കാൻ താല്പര്യമുണ്ടെങ്കിൽ മാതാപിതാക്കൾ ബുദ്ധിമുട്ട് സഹിക്കാൻ തയ്യാറാണ്. കുട്ടി വിദ്യാഭ്യാസത്തിനായി പോകുമ്പോൾ മാതാപിതാക്കളെ ഏറ്റവും കൂടുതൽ വിഷമിപ്പിക്കുന്നത് സാമ്പത്തിക പ്രശ്‌നങ്ങളാണെന്നും സർവേ പറയുന്നു.