കാനഡയില്‍ ഫാള്‍ സീസണ്‍ സാവധാനത്തിലായിരിക്കും ആരംഭിക്കുകയെന്ന് ദി വെതര്‍ നെറ്റ്‌വര്‍ക്ക് പ്രവചനം. വരും ആഴ്ചകളില്‍ രാജ്യത്തുടനീളമുള്ള മിക്ക പ്രദേശങ്ങളിലെയും താപനില സാധാരണയേക്കാള്‍ കൂടുതലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഏജന്‍സി പറയുന്നു.
ഒന്റാരിയോയിലും ക്യുബെക്കിലും ഒക്ടോബര്‍ മാസം പതിവിലും കൂടുതല്‍ ചൂടുള്ളതും വരണ്ടതുമായ കാലാവസ്ഥ അനുഭവപ്പെടുമെന്ന് വെതര്‍ നെറ്റ്‌വര്‍ക്ക് ചീഫ് മെറ്റീരിയോളജിസ്റ്റ് ക്രിസ് സ്‌കോട്ട് വ്യക്തമാക്കി. ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ശൈത്യകാലത്തിലേക്കുള്ള മാറ്റം ഇപ്പോള്‍ പ്രവചിക്കാന്‍ സാധ്യമല്ലെന്നും ക്രിസ് അറിയിച്ചു. മാനിറ്റോബ, സസ്‌ക്കാച്ചെവന്‍, ആല്‍ബെര്‍ട്ട എന്നിവടങ്ങളിലെ താപനില ശരാശരിക്ക് മുകളിലുള്ളതിനാല്‍, പ്രയറികളില്‍ ഫാള്‍ സീസണില്‍ ചൂടുണ്ടാകുമെന്ന് പ്രതീക്ഷിക്കാം.