ആസൂത്രണത്തിലും ആവിഷ്‌ക്കരണത്തിലും ശ്രദ്ധനേടി എകെഎംജി കണ്‍വന്‍ഷന്‍

By: 600002 On: Sep 11, 2024, 5:50 PM

പി. ശ്രീകുമാര്‍

സാന്‍ ഡിയാഗോ: അമേരിക്കയിലെ മലയാളി  ഡോക്ടര്‍മാരുടെ സംഘടനയായ എകെഎംജിയുടെ (അസോസിയേഷന്‍ ഓഫ് കേരള മെഡിക്കല്‍ ഗ്രാജുവേറ്റ്) 45 ാം വാര്‍ഷിക സമ്മേളനം അതുല്ല്യമായ അനുഭവം നല്‍കിയാണ് സാന്‍ ഡിയാഗോയില്‍ അരങ്ങേറിയത്. മികച്ച ആസൂത്രണം, മെച്ചപ്പെട്ട വിഭവങ്ങള്‍, മികവാര്‍ന്ന അവതരണം. എല്ലാ അര്‍ത്ഥത്തിലും കണ്‍വന്‍ഷന്‍ സംഘടനയുടെ ശക്തിയും പ്രസക്തിയും വിളിച്ചു പറയുന്നതതായി.

അമേരിക്കയിലും കാനഡയില്‍നിന്നുമായി  500ല്‍ അധികം ഡോക്ടര്‍മാരാണ്  മൂന്നു ദിവസത്തെ കണ്‍വന്‍ഷനില്‍ ഒത്തുചേര്‍ന്നത്. പ്രസിഡന്റ് ഡോ സിന്ധു പിള്ള, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ഡോ രവിരാഘവന്‍,  സാന്‍ ഡിയാഗോ ഡിസ്ട്രിക് അറ്റോര്‍ണി് സമ്മര്‍ സ്റ്റീഫന്‍,  മുന്‍ സാരഥികളായിരുന്ന ഡോ.രാധാ മേനോന്‍, ഡോ.ജോര്‍ജ്ജ് തോമസ്, ഡോ.ഇനാസ് ഇനാസ്, ഡോ.രവീന്ദ്ര നാഥന്‍, ഡോ.റാം തിനക്കല്‍, ഡോ.വെങ്കിട് അയ്യര്‍ എന്നിവര്‍ ചേര്‍ന്ന് നിലവിളക്ക് തെളിച്ചതോടെയാണ് പരിപാടികള്‍ തുടങ്ങിയത്.

ഘോഷയാത്ര, സമുദ്ര കപ്പലിലെ ഡിന്നര്‍, ഓണസദ്യ, യോഗ സെഷനുകള്‍, സ്ത്രീകളുടെയും കുട്ടികളുടെയും ഫോറങ്ങള്‍, ബിസിനസ് സംവാദങ്ങള്‍, സാഹിത്യ ഫോറങ്ങള്‍, ചിത്രപ്രദര്‍ശനം, ചുവര്‍ചിത്ര ശില്പശാല, ഫാഷന്‍ ഷോ, കാമ്പസ് ടാലന്റ് നൈറ്റ്, കലാവിരുന്ന്, കണ്‍വന്‍ഷനെ വിജയിപ്പിക്കുന്ന എല്ലാ ഘടകങ്ങളും പാകത്തില്‍ സമന്യയിപ്പിക്കാന്‍ സംഘാടകര്‍ക്കായി. ആരോഗ്യപ്രവര്‍ത്തകരുടെ ഒത്തുചേരല്‍ എന്ന നിലയില്‍ പ്രൊഫഷണല്‍ നൈപുണ്യങ്ങള്‍ മികവുറ്റ രീതിയില്‍ വികസിപ്പിക്കാനുള്ള സെഷനില്‍ അതത് മേഖലയിലെ മുന്‍ നിരക്കാരെ തന്നെ എത്തിക്കാനായി.

ഡോ.ഹരി പരമേശ്വരന്‍, ഡോ. നിഗില്‍ ഹാറൂണ്‍, ഡോ. വെങ്കിട് എസ്. അയ്യര്‍, സുബ്രഹ്മണ്യ ഭട്ട്, വിനോദ് എ. പുല്ലാര്‍ക്കട്ട്, ഡോ. ആശാ കരിപ്പോട്ട്, ഡോ. നജീബ് മൊഹിദീന്‍, പ്രമോദ് പിള്ള, ഡോ. ഇനാസ് ഇനാസ്, അക്ഷത് ജെയിന്‍, ഡോ. അംബിക അഷ്‌റഫ്, ഹര്‍ഷ് ഡി. ത്രിവേദി, ഡോ.നിഷ നിഗില്‍ ഹാറൂണ്‍ എന്നിവര്‍ ആരോഗ്യ മേഖലയിലെ പുതിയ സാങ്കേതികവിദ്യകള്‍, ചികിത്സാ രീതികള്‍, ശാസ്ത്രീയ ഗവേഷണങ്ങള്‍, മികച്ച പ്രാക്ടീസ് മാര്‍ഗങ്ങള്‍ എന്നിവയെ കുറിച്ചുള്ള പുതിയ അറിവുകളും പരിചയങ്ങളും പങ്കുവെച്ചു.

കണ്‍വന്‍ഷന്‍ സുവനീര്‍ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ഡോ രവി രാഘവനില്‍ നിന്ന് സ്വീകരിച്ച് ഡിസ്ട്രിക് അറ്റോര്‍ണി് സമ്മര്‍ സ്റ്റീഫന്‍ പ്രകാശനം ചെയ്തു.

ക്യാന്‍സര്‍ രംഗത്ത് ലോക പ്രശസ്തനായ മലയാളി ഡോ  എം വി പിള്ളയക്ക് എകെഎംജി ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്  സമ്മാനിച്ചത് വലിയൊരു ഗുരു ദക്ഷിണ അര്‍പ്പിക്കലായി.അമേരിക്കയിലെ പ്രമുഖ കാന്‍സര്‍ രോഗ വിദഗ്ദ്ധനും തോമസ് ജഫര്‍സണ്‍ യൂണിവേഴ്‌സിറ്റി ഓങ്കോളജി ക്ലിനിക്കല്‍ പ്രൊഫസറുമായ ഡോ.എം.വി. പിള്ള ലോകാരോഗ്യ സംഘടനാ കാന്‍സര്‍ കെയര്‍ കണ്‍സള്‍ട്ടന്റാണ്. ഇന്റര്‍നാഷണല്‍ നെറ്റ്വര്‍ക്ക് ഫോര്‍ കാന്‍സര്‍ ട്രീറ്റ്‌മെന്റ് ആന്റ് റിസര്‍ച്ച് സംഘടനയുടെ പ്രസിഡന്റ് കൂടിയാണ് ഡോ.എം.വി. പിള്ള.

നിറവാര്‍ന്നതായിരുന്നു സാംസ്‌കാരിക പരിപാടികള്‍. തിരുവാതിരയും ഒപ്പനയും മാര്‍ഗ്ഗംകളിയും സമന്വയിപ്പിച്ചുള്ള നൃത്തശില്പം, മനോജ് കെ ജയന്‍, മഞ്ജരി, ഹാസ്യനടന്‍ രാമേഷ് പിഷാരടി, സംവിധായിക മീരാ മേനോന്‍, യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയ ചാന്‍സലര്‍ പ്രദീപ്കുമാര്‍ ഖോസ്‌ല തുടങ്ങി പ്രമുഖരുടെ സാന്നിധ്യം ഗ്രാന്റ് ഫിനാലയ്ക്ക് പ്രൗഡികൂട്ടി.

രഞ്ജിത് പിള്ളയുടെ ഭാവനയില്‍ വിരിഞ്ഞ്  തിരക്കഥ എഴുതി സന്തോഷ് വര്‍മ്മ സംഗീതം നല്‍കി ദിവ്യാ ഉണ്ണിയും സംഘവും അവതരിപ്പിച്ച 'യെവ്വാ' എന്ന വിസ്മയ ഷോ ആയിരുന്നു പരിപാടികളുടെ തിലകക്കുറി. ഡോക്ടര്‍മാര്‍ ചേര്‍ന്ന് അവതരിപ്പിച്ച യെവ്വ എകെഎംജിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വേറിട്ട കലാവിരുന്നായിരുന്നു.

കണ്‍വന്‍ഷന്‍ മികവാര്‍ന്ന നിലയില്‍ സംഘടിപ്പിക്കനായത് സഹപ്രവര്‍ത്തകരുടെ കൂട്ടായ പിന്തുണ കൊണ്ടുമാത്രമാണെന്നും ഓരോരുത്തരോടും നന്ദി അറിയിക്കുന്നതായും ഡോ സിന്ധു പിള്ള പറഞ്ഞു. എകെഎംജിയുടെ  39ാമത് പ്രസിഡന്റായിരുന്നു ഡോ. സിന്ധു പിള്ള.