ബീസിയിൽ ഇവി ഡ്രൈവർമാർക്ക് ഇനി ടെൻഷനില്ലാതെ വണ്ടി ഓടിക്കാം

By: 600007 On: Sep 7, 2024, 4:33 PM

പബ്ലിക് ഇലക്ട്രിക് വാഹനങ്ങൾക്കായി ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകൾ പ്രധാന റൂട്ടുകളിൽ സ്ഥാപിക്കുന്നതോടെ ബിസി ഡ്രൈവർമാർക്ക്   അലാസ്കയിൽ നിന്ന് വാഷിംഗ്ടണിലേക്ക് സമ്മർദ്ദമില്ലാതെ   യാത്ര ചെയ്യുവാൻ  സാധിക്കും . ഇവികൾക്ക് യാത്രാ മധ്യേ ചാർജ്  നഷ്ടപ്പെടാനുള്ള സാധ്യത കാരണം മുമ്പ് ഇത് അസാധ്യമായിരുന്നു. ഇലക്ട്രിക് ഹൈവേ പൂർത്തീകരിക്കുന്നതിലൂടെ 
പ്രവിശ്യയുടെ കാലാവസ്ഥാ പ്രവർത്തന പദ്ധതിയായ ക്ലീൻബിസിയുടെ ഒരു പ്രധാന പ്രതിബദ്ധത നിറവേറ്റിയതായി സർക്കാർ അറിയിച്ചു.കൂടാതെ, 2030-ഓടെ 10,000 പബ്ലിക് ചാർജിംഗ് സ്റ്റേഷനുകൾ നിർമ്മിക്കുകയെന്ന മൊത്തത്തിലുള്ള ലക്ഷ്യത്തിനായി പ്രവിശ്യ പ്രവർത്തിക്കുകയാണെന്ന് മന്ത്രാലയം വ്യക്തമാക്കി . 2024 ആഗസ്ത് വരെ, പ്രവിശ്യയിൽ 5,300-ലധികം പബ്ലിക് ചാർജിംഗ് സ്റ്റേഷനുകൾ ഉണ്ട്, 2018 മുതൽ ഏകദേശം 350% വർദ്ധനവ് ആണ് ഇത് കാണിക്കുന്നത്.
ഹരിതഗൃഹ വാതക ഉദ്‌വമനം കുറയ്ക്കുന്നതിനും ഊർജ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുമായി  വരും വർഷങ്ങളിൽ കൂടുതൽ ഡ്രൈവർമാരെ ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറാൻ  പ്രോത്സാഹിപ്പിക്കുമെന്ന് ഗവണ്മെന്റ് വ്യക്തമാക്കി .

2023-ൽ, ലൈറ്റ് ഡ്യൂട്ടി വാഹന വിൽപ്പനയുടെ ഏകദേശം 23% EV-കളായിരുന്നു.ബിസിയുടെ ഇലക്ട്രിക് ഹൈവേ പൂർത്തിയാക്കുന്നത് യൂട്ടിലിറ്റികൾ, പ്രാദേശിക സർക്കാരുകൾ, തദ്ദേശീയ സമൂഹങ്ങൾ, ഗതാഗത-അടിസ്ഥാന സൗകര്യ മന്ത്രാലയം, സ്വകാര്യ മേഖല എന്നിവ ഉൾപ്പെടുന്ന ഒരു സഹകരണ ശ്രമമാണ്. ഗോഇലക്‌ട്രിക് പബ്ലിക് ചാർജർ പ്രോഗ്രാമിലൂടെയും നാച്വറൽ റിസോഴ്‌സ് കാനഡയുടെ സീറോ-എമിഷൻ വെഹിക്കിൾ ഇൻഫ്രാസ്ട്രക്ചർ പ്രോഗ്രാമിലൂടെയും  അധിക ധനസഹായത്തിലൂടെയും പ്രവിശ്യ ഈ സംരംഭത്തിലേക്ക് നേരിട്ട് $13 മില്യണിലധികം സംഭാവന ചെയ്തിട്ടുണ്ട്.