പാരിസ്: യൂറോപ്യൻ യൂണിയന്റെ മുൻ ബ്രെക്‌സിറ്റ് മധ്യസ്ഥൻ മൈക്കൽ ബാർനിയർ ഫ്രാൻസിന്റെ പുതിയ പ്രധാനമന്ത്രി. ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവൽ മാക്രോൺ ആണ് ഇക്കാര്യം അറിയിച്ചത്. മാസങ്ങളായി നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് തീരുമാനം. മൈക്കൽ ബാർനിയറിനെ ഏകീകൃത സർക്കാർ രൂപീകരിക്കാൻ ചുമതലപ്പെടുത്തിയതായി മാക്രോൺ അറിയിച്ചു.
ഇതോടെ 73-ാം വയസ്സിൽ ആധുനിക ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായംകൂടിയ പ്രധാനമന്ത്രിയായി ബാർനിയർ മാറി. 50 വർഷത്തോളം നീണ്ട വലതുപക്ഷ ഫ്രഞ്ച് രാഷ്ട്രീയ ജീവിതത്തിൽ ഫ്രഞ്ച് വിദേശകാര്യം, പരിസ്ഥിതി, കാർഷിക വകുപ്പുകളുടെ മന്ത്രിയും രണ്ട് തവണ യൂറോപ്യൻ കമ്മിഷ്ണറുമായി പ്രവർത്തിച്ചിട്ടുണ്ട്.
ഫ്രഞ്ച് രാഷ്ട്രീയത്തിൽ ഒരു പ്രധാന റോളിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നുവെന്ന് ബാർനിയർ മുമ്പ് പറഞ്ഞിരുന്നു. യൂറോപ്യൻ യൂനിയന് പുറത്തുനിന്നുള്ള അനിയന്ത്രിതമായ കുടിയേറ്റം ഫ്രാൻസിന്റെ സ്വത്വബോധത്തെ ദുർബലപ്പെടുത്തുകയാണെന്ന് ഇടക്കാലത്ത് ബാർനിയർ അവകാശപ്പെട്ടിരുന്നു. ബാർനിയറെ പിന്തുണക്കുന്നത് അദ്ദേഹത്തിന്റെ നയപരിപാടിയെ ആശ്രയിച്ചിരിക്കുമെന്ന് തീവ്ര വലതുപക്ഷ നാഷനൽ റാലി പാർട്ടിയുടെ മറൈൻ ലെ പെൻ പ്രതികരിച്ചു.