തകാറ്റ എയര്‍ബാഗ് ഇന്‍ഫ്‌ളേറ്ററിന്റെ തകരാര്‍ മൂലം അമേരിക്കയില്‍ ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. 2018 ല്‍ അലബാമയില്‍ എറ്റോവ കൗണ്ടിയില്‍ ഹോണ്ട കാറില്‍ സഞ്ചരിച്ച ഡ്രൈവറാണ് എയര്‍ബാഗ് പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ടതെന്ന് നാഷണല്‍ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്‌ട്രേഷന്‍ അറിയിച്ചു. 2004 മോഡല്‍ ഹോണ്ട സിവിക് കാറായിരുന്നു ഇത്. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ അഡ്മിനിസ്‌ട്രേഷന്‍ പുറത്തുവിട്ടിട്ടില്ല. ഇതോടെ അമേരിക്കയില്‍ എയര്‍ബാഗ് പൊട്ടിത്തെറിച്ച് മരിക്കുന്നവരുടെ എണ്ണം 28 ആയതായാണ് റിപ്പോര്‍ട്ട്.
തിരിച്ചുവിളിച്ച എയര്‍ബാഗ് ഇന്‍ഫ്‌ളേറ്ററുകള്‍ മാറ്റിസ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയാണ് മരണങ്ങള്‍ അടിവരയിടുന്നതെന്ന് അഡ്മനിസ്‌ട്രേഷന്‍ പറയുന്നു. എയര്‍ബാഗ് തകരാര്‍ മൂലം അമേരിക്കയില്‍ 400 ല്‍ അധികം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ് കണക്കുകള്‍. മലേഷ്യയിലും, ഓസ്‌ട്രേലിയയിലും അമേരിക്കയിലുമായി 36 പേര്‍ തകാറ്റ ഇന്‍ഫ്‌ളേറ്റര്‍ തകരാര്‍ മൂലം കൊല്ലപ്പെട്ടു.
കഴിഞ്ഞമാസം തകാറ്റ എയര്‍ബാഗുള്ള വാഹനങ്ങള്‍ ഉപയോഗിക്കരുതെന്ന് ഉടമകള്‍ക്ക് ഫോര്‍ഡ്, മസ്ദ കമ്പനികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. തകാറ്റ എയര്‍ബാഗുകള്‍ ഉള്ള വാഹനങ്ങള്‍ അപകടത്തില്‍പ്പെടുമ്പോള്‍ ഇന്‍ഫ്‌ളേറ്ററുകള്‍ പൊട്ടിത്തെറിച്ച് മെറ്റല്‍ കാനിസ്റ്റര്‍ പുറത്തേക്ക് വരുകയും അത് യാത്രക്കാര്‍ക്ക് ഗുരുതര പരുക്കിനും മരണത്തിനും കാരണമായേക്കുമെന്നും നാഷണല്‍ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്‌ട്രേഷന്‍ വ്യക്തമാക്കി.