മരണകാരണമായേക്കാവുന്ന മാരക വൈറസ് രോഗമായ സ്ലോത്ത് ഫീവര്‍ അമേരിക്കയില്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ രാജ്യത്തേക്ക് യാത്രയ്‌ക്കൊരുങ്ങുന്ന കനേഡിയന്‍ പൗരന്മാര്‍ക്ക് കാനഡ യാത്രാ മുന്നറിയിപ്പ് നല്‍കി. അമേരിക്കയില്‍ മാത്രമല്ല, ബ്രസീല്‍, ബൊളിവീയ, ക്യൂബ എന്നിവടങ്ങളിലും സ്ലോത്ത് ഫീവര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതിനാല്‍ യാത്ര ചെയ്യാന്‍ പദ്ധതിയിടുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
അമേരിക്കയില്‍ ആദ്യമായി രോഗം റിപ്പോര്‍ട്ട് ചെയ്തത് ഫ്‌ളോറിഡയിലാണ്. ഇതിനെ തുടര്‍ന്ന് ആരോഗ്യ വിദഗ്ധര്‍ അതീവജാഗ്രതയിലാണ്. ഫ്‌ളോറിഡയില്‍ 20 പേര്‍ക്കാണ് ഇതുവരെ രോഗം പിടിപെട്ടതായി സ്ഥിരീകരിച്ചത്. ഓറപ്പോഷ് എന്ന വൈറസ് പരത്തുന്ന സ്ലോത്ത് ഫീവര്‍ കൊതുക്, ചെറിയ ഈച്ച തുടങ്ങിയവ കടിക്കുന്നതിലൂടെയാണ് മനുഷ്യരിലേക്ക് പകരുന്നത്. വളരെസാവധാനത്തില്‍ സഞ്ചരിക്കുന്ന സ്ലോത്ത് എന്ന ജീവിയിലാണ് ഈ വൈറസിന്റെ സാന്നിധ്യം ആദ്യമായി കണ്ടെത്തുന്നത്. തലവേദന, സന്ധി വേദന, മനംപുരട്ടല്‍, പനി എന്നിവയാണ് രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍. അപൂര്‍വ അവസരങ്ങളില്‍ രോഗം നാഡീവ്യൂഹത്തെ ബാധിക്കുന്ന മെനിന്‍ജൈറ്റിസ്, എന്‍സിഫിലിറ്റിസ് എന്നിവയ്ക്കും കാരണമാകാം.