ഫോണ്‍ മോഷ്ടാക്കളുടെ ഇഷ്ടനഗരമായി ലണ്ടന്‍

By: 600007 On: Sep 4, 2024, 6:49 AM

മൂന്നാം ലോക രാജ്യങ്ങളില്‍ നിന്നും കുടിയേറ്റം വര്‍ദ്ധിച്ചതും രാജ്യത്തെ ജീവിത നിലവാരവും പണപ്പെരുപ്പവും ഉയര്‍ന്നും യുകെയില്‍ വലിയൊരു പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. മോഷണമാണ് ഇന്ന് ബ്രിട്ടന്‍ നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്ന്. കാറുകള്‍, സൈക്കിളുകള്‍, മോബൈല്‍ ഫോണുകള്‍ തുടങ്ങിയവയെല്ലാം മോഷണം പോകുന്നത് പതിവാണ്. തെരുവുകളില്‍ നിന്നും ആളുകൾ നോക്കി നില്‍ക്കുമ്പോള്‍ പോലും സൈക്കിളുകള്‍ മോഷ്ടിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് ലണ്ടന്‍ നഗരത്തില്‍ മൊബൈല്‍ ഫോണ്‍ മോഷണം കൂടുകയാണെന്ന റിപ്പോര്‍ട്ട് പുറത്ത് വരുന്നത്. കഴിഞ്ഞ പത്ത് വർഷത്തിനിടെ യുകെയിലെ മോഷണങ്ങള്‍ ഏറ്റവും ഉയര്‍ന്ന നിരക്കിലാണെന്ന് പുതിയ ക്രൈം സർവേ റിപ്പോര്‍ട്ടുകളും ചൂണ്ടിക്കാട്ടുന്നു. ഫോണ്‍ മോഷ്ടാക്കളെ പിടികൂടുന്നതിനായി 'ഓപ്പറേഷൻ ഓപാൽ' എന്ന പദ്ധതി അവിഷ്ക്കരിക്കാനുള്ള ശ്രമത്തിലാണ് ലണ്ടന്‍ പോലീസ്. 


കഴിഞ്ഞ വർഷം മാത്രം ഫോണ്‍ മോഷണത്തില്‍ 151 ശതമാനത്തിന്‍റെ വര്‍ദ്ധനവാണ് നഗരത്തില്‍ രേഖപ്പെടുത്തിയത്. ഇതില്‍ 54 ശതമാനം മോഷണവും സൈക്കിളിലെത്തിയാണ് നടത്തുന്നതെന്നും ക്രൈംസ്റ്റോപ്പേർസ്.യുകെ.ഓർഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഫോണ്‍ മോഷണവുമായി ബന്ധപ്പെട്ട് ദിനംപ്രതി 200 കേസുകളാണ് ലണ്ടന്‍ നഗരത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. മോഷണത്തിലെ ഇത്രയും വലിയ വർദ്ധനവ് വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം മാത്രം ഏകദേശം 78,000 ആളുകൾ ഫോണ്‍ മോഷണങ്ങൾക്ക് ഇരയായതായും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. നഗരത്തില്‍ സെക്കൻഡ് ഹാൻഡ് സ്‌മാർട്ട്‌ഫോണുകളുടെ വർദ്ധിച്ചുവരുന്ന ഡിമാൻഡാണ് മോഷണ നിരക്ക് ഉയര്‍ത്താന്‍ കാരണമായി അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നത്. ഇതോടെ മോഷണ സാധനങ്ങളുടെ നിയമവിരുദ്ധ വില്പ കൂടിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഉയര്‍ന്നു വരുന്ന ഈ ആശങ്ക പരിഹരിക്കുന്നതിന് ആഭ്യന്തരവകുപ്പ് രാജ്യത്തെ പ്രമുഖ സാങ്കേതിക കമ്പനികളുമായും നിർമ്മാതാക്കളുമായും ഉച്ചകോടി സംഘടിപ്പിച്ചു. മോഷ്‌ടിക്കപ്പെട്ട സ്‌മാർട്ട്‌ഫോണുകളുടെ, അനധികൃത വ്യാപാരം തടയുന്നതിനുള്ള പുതിയ വഴികള്‍ കണ്ടെത്തുന്നതിനാണ് ഈ ഉച്ചകോടി സംഘടിപ്പിക്കപ്പെട്ടത്.