അതിജീവനത്തിനായി രാജ്യത്തുടനീളം ചരക്കുമായി സഞ്ചരിക്കുന്ന ദീര്‍ഘദൂര ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് ഒന്ന് വിശ്രമിക്കാനായി കാനഡയില്‍ ഗുണനിലവാരമുള്ള വിശ്രമകേന്ദ്രങ്ങളില്ല എന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് പുതിയ പഠനത്തിലൂടെ പുറത്തുവരുന്നത്. രാജ്യത്തുടനീളം കോടിക്കണക്കിന് ഡോളര്‍ വിലമതിക്കുന്ന ചരക്കുകള്‍ പലയിടങ്ങളിലേക്ക് കൊണ്ടുപോകുന്ന ട്രക്ക് ഡ്രൈവര്‍മാരുടെ ആരോഗ്യത്തിനും ക്ഷേമത്തിനും വിശ്രമ കേന്ദ്രങ്ങള്‍ അനിവാര്യമാണ്. എന്നാല്‍ യാത്രയ്ക്കിടയില്‍ ഗുണനിലവാരമുള്ള കേന്ദ്രങ്ങള്‍ കണ്ടെത്തുന്നതില്‍ ഡ്രൈവര്‍മാര്‍ ബുദ്ധിമുട്ടികയാണെന്ന് ഗവേഷകര്‍ പറയുന്നു.
വിശ്രമം, ഉറക്കം, കുടിവെള്ളം, ഭക്ഷണം, ശൗചാലയം തുടങ്ങിയവ പരമപ്രധാനമാണ്. എന്നാല്‍ ശരിയായ വിശ്രമകേന്ദ്രങ്ങള്‍ ലഭിക്കാത്തത് ഡ്രൈവര്‍മാരുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ട്രക്കര്‍മാരുടെ ആരോഗ്യത്തെക്കുറിച്ച് പഠിക്കുന്ന സസ്‌ക്കാച്ചെവന്‍ സര്‍വകലാശാല ഗവേഷകനായ അലക്‌സാണ്ടര്‍ ക്രിസില്‍ പറയുന്നു. ഇതിനുമപ്പുറം വെല്ലുവിളി തീര്‍ക്കുന്നത് കൃത്യമായ സുരക്ഷിതമായ പാര്‍ക്കിംഗ് സൗകര്യം കണ്ടെത്തുക എന്നതാണ്. നിരത്ത് വക്കുകളില്‍ സുരക്ഷ ഉറപ്പുവരുത്തി മാത്രമേ ഡ്രൈവര്‍മാര്‍ പാര്‍ക്ക് ചെയ്യുകയുള്ളൂ. പാര്‍ക്ക് ചെയ്താലും ജാഗ്രത പാലിക്കണം.
ഉറക്കമില്ലായ്മ, ശരിയായ വിശ്രമമില്ലാത്തത് എന്നിവ അപകടസാധ്യതയും വര്‍ധിപ്പിക്കുന്നു. വാഹനങ്ങളോടിക്കുമ്പോള്‍ ശ്രദ്ധകുറയുന്നതും ഉറക്കക്ഷീണവും റോഡുകളില്‍ അപകടങ്ങള്‍ വര്‍ധിപ്പിക്കുന്നുവെന്ന് ക്രിസില്‍ പറയുന്നു. കൂടാതെ പ്രമേഹം, പൊണ്ണത്തടി, രക്തസമ്മര്‍ദ്ദം തുടങ്ങിയവ പൊതുജനങ്ങളെ അപേക്ഷിച്ച് ട്രക്ക് ഡ്രൈവര്‍മാരില്‍ കൂടുതലാണ്. വിട്ടുമാറാത്ത രോഗങ്ങളുടെ വ്യാപനവും ഇവരില്‍ കൂടുതലാണ്. ദീര്‍ഘദൂര യാത്രയായതിനാല്‍ ദീര്‍ഘകാലത്തേക്ക് കുടുംബവുമായും പ്രിയപ്പെട്ടവരുമായും മാറി നില്‍ക്കേണ്ടി വരുന്നതിനാല്‍ സാമൂഹിക ബന്ധങ്ങളില്‍ വിള്ളലുണ്ടാവുകയും ഒറ്റപ്പെടല്‍ അനുഭവിക്കുകയും ചെയ്യുന്നു. ഇത് മാനസികാരോഗ്യത്തില്‍ തകര്‍ച്ചയുണ്ടാക്കുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു.