ആദ്യ പ്രസവത്തിൽ രണ്ട്, രണ്ടാമത്തേതിൽ നാല്; പെണ്‍മക്കളെ വളർത്താന്‍ സഹായം തേടിയ ദമ്പതികള്‍ക്ക് രൂക്ഷ വിമർശനം

By: 600007 On: Sep 3, 2024, 10:44 AM

ഒറ്റ പ്രസവത്തിലൂടെ നാല് പെൺകുട്ടികൾക്ക് ജന്മം നൽകിയ ചൈനീസ് മാതാപിതാക്കൾ സമൂഹ മാധ്യമങ്ങളിലൂടെ രൂക്ഷ വിമർശനം നേരിട്ടു. തങ്ങൾക്ക് ഇപ്പോഴുണ്ടായ നാല് പെൺകുട്ടികളെ കൂടാതെ ആദ്യ പ്രസവത്തില്‍ രണ്ട് പെൺകുട്ടികൾ കൂടി ഉണ്ടെന്നും അവരെ വളർത്തുന്നതിനും പരിപാലിക്കുന്നതിനുമായി സാമ്പത്തിക സഹായം നൽകണമെന്നും അഭ്യർത്ഥിച്ച് സമൂഹ മാധ്യമത്തില്‍ വീഡിയോ പങ്കുവച്ച ചൈനീസ് ദമ്പതികൾക്ക് നേരെയാണ് സമൂഹ മാധ്യമങ്ങളില്‍ രൂക്ഷ വിമർശനം നേരിടേണ്ടി വന്നതെന്ന് സൌത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.  

ഓഗസ്റ്റ് 23 -ന് ചൈനയിലെ ഗ്വാങ്‌ഡോംഗ് പ്രവിശ്യയിലെ ഷെൻഷെൻ മെറ്റേണിറ്റി ആൻഡ് ചൈൽഡ് ഹെൽത്ത് കെയർ ഹോസ്പിറ്റലിൽ വെച്ച് ലി എന്ന യുവതിയാണ് നാല് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്. മാസം തികയുന്നതിന് മുമ്പ് ജനിച്ചതിനാൽ ആശുപത്രിയിൽ തീവ്രപരിചന വിഭാഗത്തിലാണ് കുഞ്ഞുങ്ങളുള്ളത്. ലീക്കും ഭർത്താവ് ചെന്നിനും മറ്റ് രണ്ട് പെൺകുട്ടികൾ കൂടിയുണ്ട്. അങ്ങനെ ആകെ ആറ് പെണ്‍കുട്ടികള്‍. 

കുട്ടികളുടെ ആശുപത്രി ചെലവിനും തുടർപരിചരണത്തിനുമായി വലിയൊരു തുക ആവശ്യമായി വരുമെന്നും എന്നാൽ അത് താങ്ങാൻ മാത്രമുള്ള സാമ്പത്തികശേഷി തങ്ങൾക്കില്ലെന്നും ലീയും ചെനും തങ്ങളുടെ സമൂഹ മാധ്യമ അക്കൌണ്ടിലൂടെ ഒരു വീഡിയോയില്‍ പറഞ്ഞു.  ഇത്രയും കുട്ടികൾ ഉണ്ടായതിൽ തങ്ങൾക്ക് സന്തോഷം മാത്രമേ ഉള്ളൂ. എന്നാൽ, സാമ്പത്തിക പ്രതിസന്ധിയാണ് തങ്ങളെ വലയ്ക്കുന്നതെന്നും ഇവർ കൂട്ടിചേര്‍ത്തു. താനും ഭാര്യയും ഷെൻഷെനിലെ ഒരേ കമ്പനിയിൽ ജോലി ചെയ്യുന്നുണ്ടെന്നും തങ്ങളുടെ മൊത്തം വരുമാനം പ്രതിമാസം 10,000 യുവാൻ (US$1,400) മാത്രമാണെന്നും ചെൻ പറയുന്നു. എന്നാൽ പ്രസവശേഷം, കുഞ്ഞുങ്ങളെ പരിപാലിക്കേണ്ടതിനാൽ ഭാര്യ ജോലി ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ് ഇത് കൂടുതല്‍ സാമ്പത്തിക ബാധ്യതയുണ്ടാക്കും. അതിനാല്‍ സാമ്പത്തികമായി സഹായിക്കണമെന്ന് ഇരുവരും അപേക്ഷിച്ചു.