ഐഎസ് തീവ്രവാദ ഗ്രൂപ്പുമായി ബന്ധമുള്ള ഭീകരവാദി അഹമ്മദ് എല്‍ദിദി കാനഡയില്‍ പിടിയിലായതോടെ രാജ്യത്തെ സുരക്ഷാപരിശോധനയുടെ വീഴ്ച വെളിവായിരിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ ഗാസയില്‍ നിന്നുള്ള ആയിരക്കണക്കിന് അഭയാര്‍ത്ഥികളെ സ്വാഗതം ചെയ്യാന്‍ തയാറെടുക്കുന്ന കാനഡ ജാഗ്രതയോടെ മുന്നോട്ട് പോകണമെന്ന് ഫെഡറല്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുകയാണ് രാജ്യത്തെ ജൂത സംഘം. 2018 ല്‍ കാനഡയിലെത്തിയ എല്‍ദിദിക്ക് ഈ വര്‍ഷം കനേഡിയന്‍ പൗരത്വം ലഭിച്ചിരുന്നു. നിരവധി പരിശോധനകള്‍ നടത്തിയിട്ടും ഏഴ് വര്‍ഷത്തോളം രാജ്യത്ത് താമസിച്ച ഭീകരവാദിയെ തിരിച്ചറിയാന്‍ സാധിക്കാത്ത സുരക്ഷാ സംവിധാനത്തില്‍ ആശങ്കയുണ്ടെന്നും ജൂത സംഘടനകള്‍ ചൂണ്ടിക്കാട്ടി. എല്‍ദിദിയും മകനും ചേര്‍ന്ന് ടൊറന്റോയില്‍ ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നു.
ഈ സാഹചര്യം കണക്കിലെടുത്ത് ഗാസയില്‍ നിന്നും 5,000 അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ കാനഡ തയാറെടുക്കുമ്പോള്‍ സുരക്ഷാ വീഴ്ചകള്‍ പരിഹരിക്കാനും ശക്തമായ സുരക്ഷാ സംവിധാനമൊരുക്കുവാനും ഇമിഗ്രേഷന്‍ മിനിസ്റ്റര്‍ മാര്‍ക്ക് മില്ലറോട് സെന്റര്‍ ഫോര്‍ ഇസ്രയേല്‍ ആന്‍ഡ് ജൂയിഷ് അഫയേഴ്‌സ്(CIJA) ആവശ്യപ്പെട്ടു.