വിന്നിപെഗിലെ കനെസ്റ്റണ്‍ ബൊളിവാര്‍ഡില്‍ ഡ്രൈവര്‍ക്ക് നേരെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയയാള്‍ അറസ്റ്റിലായി. കെനാസ്റ്റണ്‍ ബൊളിവാര്‍ഡില്‍ ഒരു വാഹനത്തെ മറ്റൊരു വാഹനം മറികടക്കുകയും വാഹനത്തോട് ചേര്‍ത്ത് നിര്‍ത്തുകയും ചെയ്തതിന് ശേഷം വാഹനത്തിലെ ഡ്രൈവര്‍ക്ക് നേരെ കൈത്തോക്ക് ചൂണ്ടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവസ്ഥലത്ത് വെച്ച് വാക്കുതര്‍ക്കമുണ്ടാവുകയും തുടര്‍ന്ന് പ്രതിയെന്ന് സംശയിക്കുന്നയാള്‍ വാഹനത്തില്‍ രക്ഷപ്പെടുകയുമായിരുന്നു. ഡ്രൈവര്‍ ഉടന്‍ പോലീസിനെ വിവരമറിയിക്കുകയും വാഹനത്തെയും പ്രതിയെയും കുറിച്ച് വിവരം നല്‍കുകയും ചെയ്തു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സ്റ്റെര്‍ലിംഗ് ലിയോണ്‍ പാര്‍ക്ക്‌വേയിലെ 400 ബ്ലോക്കില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനം പോലീസ് ഉദ്യോഗസ്ഥരും കെ9 യൂണിറ്റും ചേര്‍ന്ന് കണ്ടെത്തി. വാഹനത്തില്‍ നിന്നും ഇറങ്ങിയയാള്‍ ഗാര്‍ബേജ് ബിന്നില്‍ എന്തോ വസ്തു വലിച്ചെറിയുന്നതായി കണ്ടു. ഉടന്‍ പോലീസ് ഇയാളെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയിലെടുത്തു. ഗാര്‍ബേജ് ബിന്നില്‍ നിന്നും കൈത്തോക്ക് കണ്ടെടുത്തു. പരിശോധനയില്‍ ഇത് CO2 പിസ്റ്റള്‍ ആണെന്ന് തിരിച്ചറിഞ്ഞു. വിന്നിപെഗ് സ്വദേശിയായ 32 കാരനാണ് പിടിയിലായത്. ഇയാള്‍ക്കെതിരെ അനധികൃതമായി തോക്ക് കൈവശം വെക്കല്‍, തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തല്‍, ആയുധം കൈവശം വെക്കല്ഡ തുടങ്ങി നിരവധി കുറ്റങ്ങള്‍ ചുമത്തിയതായി പോലീസ് അറിയിച്ചു.