കൊച്ചി: ദീർഘദൂര കുതിരയോട്ടത്തിലെ ലോക ചാംപ്യൻഷിപ്പായ എഫ്.ഇ.ഐ എൻഡ്യൂറൻസ് ടൂർണമെന്റിൽ പങ്കെടുക്കുന്ന ആദ്യ ഇന്ത്യൻ വനിതയാകാൻ ഒരുങ്ങി മലപ്പുറം തിരൂർ സ്വദേശി നിദ അൻജും ചേലാട്ട്. ഇതാദ്യമായല്ല ആഗോളതലത്തിൽ ഈ കായികയിനത്തിൽ നിദ രാജ്യത്തിൻറെ യശ്ശസുയർത്തുന്നത്. കഴിഞ്ഞ വർഷം നടന്ന എഫ്.ഇ.ഐ ജൂനിയർ ലോകചാമ്പ്യൻഷിപ്പ് വിജയകരമായി പൂർത്തിയാക്കി നിദ ലോകമെമ്പാടും വാർത്തകളിൽ നിറഞ്ഞിരുന്നു. ഇക്കൊല്ലം സെപ്റ്റംബർ ഏഴിന് ഫ്രാൻസിലെ മോൺപാസിയറിൽ നടക്കുന്ന സീനിയർ ചാമ്പ്യൻഷിപ്പിലാണ് 22കാരിയായ താരം മാറ്റുരയ്ക്കുന്നത്. കുതിരയോട്ട മത്സരങ്ങളുടെ അന്താരാഷ്ട്ര സംഘടനയായ ഇന്റർനാഷണൽ എക്യൂസ്ട്രിയൻ ഫെഡറേഷൻ അഥവാ എഫ്.ഇ.ഐയാണ് മത്സരങ്ങൾ നടത്തുന്നത്.
ഇന്ത്യയിൽ ഈ കായികയിനത്തിന് ജനപ്രീതി കുറവാണെങ്കിലും ലോകത്തെ വിവിധ രാജ്യങ്ങളുടെ സാംസ്‌കാരിക പാരമ്പര്യത്തിൽ ആഴത്തിൽ വേരോട്ടമുള്ള ഇനമാണ് കുതിരയോട്ടം. ആ രാജ്യങ്ങളിൽ നിന്നുള്ള ഏറ്റവും പ്രഗത്ഭരായ കുതിരയോട്ടക്കാരുടെ നിരയിലാണ് ഈ യുവ കായികതാരം തലയുയർത്തി നിൽക്കുന്നത്. കടുത്ത പോരാട്ടം നടക്കുന്ന ഈ കായികമത്സരത്തിൽ അസാധാരണമായ മെയ്‌വഴക്കവും സൂക്ഷമതയും വേഗതയും അത്യാവശ്യമാണ്. 40 രാജ്യങ്ങളിൽ നിന്നുള്ള 144 കുതിരയോട്ടക്കാരെയാണ് നിദ നേരിടുന്നത്. തന്റെ വിശ്വസ്ത പങ്കാളിയായ പെൺകുതിര പെട്ര ഡെൽ റെയ്‌ക്കൊപ്പമാണ് നിദ കളത്തിലിറങ്ങുന്നത്. നിദയുടെ ആൺകുതിരയായ ഡിസൈൻ ഡു ക്‌ളൗഡും മത്സരത്തിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. 160 കിലോമീറ്റർ ദൈർഖ്യമുള്ള ദുർഘടപാതയാണ് മത്സരത്തിൽ നിദയെ കാത്തിരിക്കുന്നത്