റിട്ടയര്‍മെന്റ്: ഏറ്റവും ചെലവേറിയ രാജ്യങ്ങളില്‍ ആറാം സ്ഥാനത്ത് കാനഡ 

By: 600002 On: Sep 2, 2024, 11:58 AM

 

 

ഉയര്‍ന്ന ജീവിതച്ചെലവ് പ്രതിസന്ധി തീര്‍ക്കുന്ന കാനഡയില്‍ വിരമിക്കല്‍ ജീവിതത്തിലും ചെലവേറുകയാണ്. ആവശ്യത്തിന് പണമില്ലാതെ റിട്ടയര്‍മെന്റ് ജീവിതം ആസ്വദിക്കാന്‍ കാനഡയിലെ ഭൂരിപക്ഷം ആളുകള്‍ക്കും സാധിക്കാതെ വരുന്നതായാണ് സര്‍വേ റിപ്പോര്‍ട്ട്. സ്വീഡന്‍ ആസ്ഥാനമായുള്ള ലോണ്‍ ആന്‍ഡ് മോര്‍ഗേജ് കംപാരിസണ്‍ സൈറ്റായ സാംബ്ല പുറത്തിറക്കിയ പഠനത്തില്‍ വിവിധ രാജ്യങ്ങളിലെ ചെലവേറിയ റിട്ടയര്‍മെന്റ് സംബന്ധിച്ചുള്ള അവലോകനമാണ് നടത്തിയിരിക്കുന്നത്. ഇതില്‍ ഇരുപത് രാജ്യങ്ങളുടെ പട്ടികയില്‍ ആദ്യ പത്തില്‍ ആറാം സ്ഥാനത്താണ് കാനഡ.  

ഓരോ രാജ്യത്തെയും വിരമിക്കല്‍ പ്രായം, ശരാശരി ആയുര്‍ദൈര്‍ഘ്യം എന്നിവയുമായി താരതമ്യം ചെയ്താണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. ഒരു ശരാശരി പൗരന് രാജ്യത്ത് വിരമിക്കാന്‍ എത്ര പണം ആവശ്യമാണെന്ന് കണക്കാക്കുന്നു. വാടകയില്ലാതെ കാനഡയിലെ ജീവിതച്ചെലവ് ഏകദേശം 1,145 കനേഡിയന്‍ ഡോളറാണെന്ന് റിപ്പോര്‍ട്ടില്‍ കണ്ടെത്തി. രാജ്യത്തെ വിരമിക്കല്‍ പ്രായം 60 ഉം ശരാശരി ആയുര്‍ദൈര്‍ഘ്യം 83 ഉം ആയതിനാല്‍ ഒരു കനേഡിയന്‍ പൗരന് വിരമിക്കാന്‍ ഏകദേശം 316,332 കനേഡിയന്‍ ഡോളര്‍ സമ്പാദിക്കേണ്ടി വരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സ്വിറ്റ്‌സര്‍ലന്റ് ആണ് വിരമിക്കല്‍ ചെലവില്‍ ഏറ്റവും മുന്നില്‍. പട്ടികയില്‍ ഏറ്റവും അവസാന സ്ഥാനത്ത് സൗത്ത് കൊറിയയാണ്.