വിദേശത്തേക്ക് യാത്ര ചെയ്യുന്ന ഇന്ത്യൻ പൗരന്മാർക്ക് ആദായനികുതി ക്ലിയറൻസ് സർട്ടിഫിക്കറ്റ് (ഐടിസിസി) നിർബന്ധമാണെന്നുള്ള വ്യാജ വാർത്തകളെ തള്ളി കേന്ദ്രം. ഏതൊക്കെ വ്യവസ്ഥകളിലാണ് ഒരാൾക്ക് ഐടിസിസി സമർപ്പിക്കേണ്ടതെന്ന് ധനമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
ധനമന്ത്രാലയം പറയുന്നത് പ്രകാരം, എല്ലാ ഇന്ത്യൻ പൗരന്മാരും രാജ്യം വിടുന്നതിന് മുമ്പ് ഐടിസിസി നേടേണ്ട ആവശ്യമില്ല. സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സസ് പറയുന്നത് പ്രകാരം, വിദേശത്തേക്ക് യാത്ര ചെയ്യുന്ന എല്ലാവർക്കും നികുതി ക്ലിയറൻസ് സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് 1961 ലെ ആദായനികുതി നിയമത്തിൻ്റെ 230-ാം വകുപ്പ് വ്യക്തമാക്കുന്നു.
2024 ജൂലൈ 23ലെ കേന്ദ്ര ബജറ്റിൽ ഇന്ത്യയിൽ നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്നവർ, രാജ്യം വിടുന്നതിന് മുമ്പ് എല്ലാ നികുതി കുടിശ്ശികയും തീർക്കുകയും 'ക്ലിയറിംഗ് സർട്ടിഫിക്കറ്റ്' നേടുകയും ചെയ്യണമെന്ന് ആവശ്യപ്പെടുന്നുണ്ട്.