കാനഡയിലെ 9.8 ശതമാനം പ്രധാന ജലവിതരണ പൈപ്പുകളും മോശം അവസ്ഥയില്‍: റിപ്പോര്‍ട്ട് 

By: 600002 On: Aug 31, 2024, 1:40 PM

 

 

കാനഡയിലെ ഓരോ അഞ്ച് കിമലോമീറ്ററിലും പ്രധാന ജലവിതരണ പൈപ്പുകളില്‍ ചിലതിന് ഭാഗികമായോ പൂര്‍ണമായോ കേടുപാടുകള്‍ സംഭവിച്ചിരിക്കാമെന്ന് റിപ്പോര്‍ട്ട്. കാല്‍ഗറിയിലും മോണ്‍ട്രിയലിലും പ്രധാന ജലവിതരണ പൈപ്പുകള്‍ പൊട്ടി ജലവിതരണം മുടങ്ങുകയും നഗരത്തിലുടനീളം വെള്ളപ്പൊക്കമുണ്ടാവുകയും ചെയ്ത പശ്ചാത്തലത്തിലാണ് റിപ്പോര്‍ട്ട് പുറത്തുവരുന്നത്. ഓഗസ്റ്റ് പകുതിയോടെയാണ് മോണ്‍ട്രിയലില്‍ ജലവിതരണ പൈപ്പില്‍ കേടുപാടുകള്‍ സംഭവിച്ചത്. കാല്‍ഗറിയില്‍ ജൂണ്‍ മാസത്തില്‍ പ്രധാന ജലവിതരണ പൈപ്പ് തകര്‍ന്ന് പ്രാദേശിക അടിയന്തരാവസ്ഥ വരെ പ്രഖ്യാപിച്ചു. ഈ മാസവും ജലവിതരണപൈപ്പില്‍ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കാല്‍ഗറിയില്‍ ജലനിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

കാല്‍ഗറിയിലും മോണ്‍ട്രിയലിലും ഉള്ളത് പോലെ കാനഡയിലെ 9.8 ശതമാനം പ്രധാന വാട്ടര്‍ ട്രാന്‍സ്മിഷന്‍ പൈപ്പുകളും മോശമായ അവസ്ഥയിലാണുള്ളതെന്ന് 2020 ലെ സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ സര്‍വേ ഡാറ്റ കാണിക്കുന്നു. കഷ്ടിച്ച് സേവനയോഗ്യമായവയാണ് മിക്ക പൈപ്പ്‌ലൈനുകളും. സമീപകാലത്ത് തകരാര്‍ സംഭവിക്കാനോ പൊതുസുരക്ഷയ്ക്ക് അപകടസാധ്യത ഉയര്‍ത്താനോ സാധ്യതയുണ്ടെന്ന് ഡാറ്റ വ്യക്തമാക്കുന്നു. അതേസമയം, മോശം അല്ലെങ്കില്‍ വളരെ മോശം അവസ്ഥയിലുള്ള ചെറിയ ജലവിതരണ പൈപ്പുകളുടെ അനുപാതം 2016 ലെ 10.1 ശതമാനത്തില്‍ നിന്നും 2020 ല്‍ 13.4 ശതമാനമായി ഉയര്‍ന്നതായും കണക്കുകള്‍ വ്യക്തമാക്കുന്നു. 

കാനഡയിലെ പ്രധാന നഗരങ്ങളിലെ പൈപ്പ്‌ലൈനുകളുടെ സ്ഥിതിയും പരിതാപകരമാണ്. അധികം ആയുസ്സില്ലാത്തവയാണ് ഇവയെന്ന് ഡാറ്റ പറയുന്നു. ഓട്ടവയില്‍ 22 ശതമാനം ട്രാന്‍സ്മിഷന്‍ പൈപ്പുകളും മോശം അവസ്ഥയിലാണ്. വാന്‍കുവറില്‍ 17 ശതമാനവും, വിന്നിപെഗില്‍ 11 ശതമാനവും വളരെ മോശം അവസ്ഥയിലാണ് പ്രവര്‍ത്തിക്കുന്നത്.