കാല്‍ഗറിയില്‍ ജലനിയന്ത്രണങ്ങള്‍ തുടരുന്നു; ലംഘിക്കുന്നവര്‍ക്ക് പിഴ ഈടാക്കും 

By: 600002 On: Aug 31, 2024, 11:41 AM

 

നഗരത്തിലെ പ്രധാന ജലവിതരണപൈപ്പ് ലൈനിന്റെ അറ്റകുറ്റപ്പണി ആരംഭിച്ചതോടെ കാല്‍ഗറിയില്‍ ജലനിയന്ത്രണം തുടരുകയാണ്. എന്നാല്‍ നഗരത്തിലെ ജല ഉപഭോഗം സുരക്ഷിത പരിധിയായ 450 മില്യണ്‍ ലിറ്ററില്‍ കവിയുകയാണെന്ന് അധികൃതര്‍ പറയുന്നു. ഔട്ട്‌ഡോര്‍ വാട്ടര്‍ റെസ്ട്രിക്ഷനുകള്‍ ലംഘിക്കുന്ന താമസക്കാര്‍ക്ക് പിഴ ഈടാക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ജലഉപഭോഗം കുറയ്ക്കണമെന്നും 25 ശതമാനം വെള്ളം സംരക്ഷിക്കണമെന്ന് മേയര്‍ ജ്യോതി ഗോണ്ടെക് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

വ്യാഴാഴ്ചത്തെ അപ്‌ഡേറ്റ് അനുസരിച്ച്, ബുധനാഴ്ച കാല്‍ഗറിയുടെ ജല ഉപഭോഗം 494 മില്യണ്‍ ലിറ്ററായിരുന്നു. ചൊവ്വാഴ്ചത്തെ ജലഉപഭോഗത്തെക്കാള്‍ ഒരു ശതമാനം കുറവാണെങ്കിലും പ്രതിദിന ലക്ഷ്യത്തിനും മുകളിലാണെന്ന് അധികൃതര്‍ പറയുന്നു. തിങ്കളാഴ്ച മുതല്‍ നഗരത്തില്‍ സ്റ്റേജ് 4 നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വന്നിട്ടുണ്ട്. സെപ്റ്റംബര്‍ 23 വരെ നിയന്ത്രണങ്ങള്‍ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.