1991 ല്‍ ഇറങ്ങിയ അമരം എന്ന സിനിമയില്‍ അശോകന്‍ അവതരിപ്പിച്ച കഥാപാത്രം താന്‍ ആണെന്ന് തെളിയിക്കുന്നതിനായി പുറം കടലില്‍ ഒറ്റയ്ക്ക് സ്രാവിനെ പിടിക്കാന്‍ പോകുന്ന സീനുണ്ട്. സമാനമായ ഒരു സഹാചര്യത്തില്‍ 16 വയസുള്ള ഒരു ജമൈക്കന്‍ യുവാവ് ഒറ്റയ്ക്ക് സ്രാവിനെ പിടിക്കാന്‍ പുറം കടലില്‍ പോയെങ്കിലും ദാരുണമായി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. സ്രാവിനെ പിടിക്കാന്‍ പോയ യുവാവിനെ കാണാതെ അന്വേഷിച്ച് ചെന്ന സംഘം, അടുത്ത ദിവസം തല ഛേദിക്കപ്പെട്ട നിലയില്‍ കടലില്‍ നിന്നും കൌമാരക്കാരന്‍റെ മൃതദേഹം കണ്ടെടുക്കുകയായിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ട്രെലാനിയിലെ ഫാൽമൗത്തിലെ ജഹ്മരി റീഡിനെയാണ് (16) കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ജഹ്മരി റീഡിന്‍റെ തല വെട്ടിമാറ്റിയ നിലയിലാണ് കണ്ടെത്തിയതെന്ന് പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സ്രാവിനെ കൊന്ന് കടിച്ചെടുത്ത തല വീണ്ടെടുക്കാന്‍ ജനങ്ങള്‍ ശ്രമിക്കുകയാണെന്നും റിപ്പോർട്ടില്‍ പറയുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് ജഹ്മരി റീഡ് സ്രാവ് വേട്ടയ്ക്കായി ഒറ്റയ്ക്ക് കടലില്‍ പോയത്. വിനോദ സഞ്ചാര കേന്ദ്രമായ മോണ്ടെഗോ ബേയിൽ നിന്ന് 20 മൈൽ കിഴക്ക് നിന്നാണ് ഇയാള്‍ സ്രാവ് വേട്ടയ്ക്ക് ഇറങ്ങിയത്.
മകന്‍ വില്യം നിബ് മെമ്മോറിയൽ ഹൈസ്‌കൂളിൽ പത്താം ക്ലാസ് വിദ്യാർത്ഥിയാണെന്നും 11-ാം ഗ്രേഡിലേക്ക് മാറാൻ തയ്യാറെടുക്കുകയായിരുന്നെന്നും കൗമാരക്കാരന്‍റെ അമ്മ ലാവേൺ റോബിൻസൺ ജമൈക്ക സ്റ്റാറിനോട് പറഞ്ഞു. മരുമകന്‍ ചെറുപ്പം മുതല്‍ തന്നെ മത്സ്യബന്ധനത്തിന് പോകാറുണ്ടെന്ന് ജഹ്മാരിയുടെ അമ്മാവനും, മത്സ്യത്തൊഴിലാളിയായ റോബർട്ട് റോബിൻസൺ പറഞ്ഞു. ജഹ്മാരി തിരിച്ച് എത്താത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷത്തില്‍ പ്രദേശത്ത് നിന്നും ഒരു വലിയ കടുവ സ്രാവിനെ കണ്ടെത്തിയിരുന്നു. ഇതിന് സമീപത്തായാണ് തലയില്ലാത്ത മൃതദേഹവും കണ്ടെത്തിയത്.