കാനഡയില്‍ കൂടുതല്‍ ആളുകള്‍ ജോലി സ്ഥലത്തേക്ക് കൂടുതല്‍ ദൂരം യാത്ര ചെയ്യുന്നതായി സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ റിപ്പോര്‍ട്ട്. ശരാശരി യാത്രാ സമയം കോവിഡ് പാന്‍ഡെമികിന് മുമ്പുള്ള നിലയിലേക്കെത്തിയതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. മെയ് മാസത്തില്‍ യാത്രക്കാരുടെ എണ്ണം 16.5 മില്യണിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേ സമയത്തെ അപേക്ഷിച്ച് 585,000 പേരുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നതെന്ന് ഏജന്‍സി അറിയിച്ചു.
2020 ലും 2021 ലും കോവിഡ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ ജോലിക്ക് പോകുന്നവരുടെ എണ്ണം കുറഞ്ഞു. കൂടാതെ വര്‍ക്ക് ഫ്രം ഹോം രീതികളും വര്‍ധിച്ചതോടെ യാത്ര ചെയ്ത് ജോലിസ്ഥലത്തേക്ക് പോകേണ്ടതില്ലാത്ത സ്ഥിതിയായി. എന്നാല്‍ ഈ ഇടിവിന് ശേഷം കഴിഞ്ഞ രണ്ട് വര്‍ഷമായി യാത്ര ചെയ്യുന്ന തൊഴിലാളികളുടെ എണ്ണം വര്‍ധിച്ചതായി റിപ്പോര്‍ട്ടില്‍ കണ്ടെത്തി. സമയവും വര്‍ധിച്ചു. ശരാശരി ആളുകള്‍ ഇപ്പോള്‍ ജോലിസ്ഥലത്തേക്ക് 26.4 മിനിറ്റ് യാത്ര ചെയ്യുന്നുണ്ട്.
യാത്രാ ദുരിതം കൂടുതലുള്ളത് ഗ്രേറ്റര്‍ ടൊറന്റോയിലും ഹാമില്‍ട്ടണ്‍ ഏരിയയിലും ചുറ്റുമുള്ള നഗരങ്ങളിലുമാണ്. രാജ്യത്ത് ഏറ്റവും ദൈര്‍ഘ്യമേറിയ യാത്രയാണ് ജിടിഎയിലെ തൊഴിലാളികള്‍ നടത്തുന്നത്. ടൊറന്റോയില്‍ ഏറ്റവും ഉയര്‍ന്ന യാത്രാ സമയം 33.3 മിനിറ്റ് ആണെന്ന് ഡാറ്റയില്‍ കാണിക്കുന്നു. ടൊറന്റോയ്ക്ക് പിന്നാലെ ഓഷവ(32.6 മിനിറ്റ്), ബാരി(30.7 മിനിറ്റ്), ഹാമില്‍ട്ടണ്‍(30.6 മിനിറ്റ്) എന്നീ നഗരങ്ങളിലെ തൊഴിലാളികളാണ് കൂടുതല്‍ സമയമെടുത്ത് ജോലി സ്ഥലങ്ങളിലെത്തുന്നത്. എന്നാല്‍ വാന്‍കുവര്‍(30.5 മിനിറ്റ്), മോണ്‍ട്രിയല്‍(29 മിനിറ്റ്) എന്നീ നഗരങ്ങളില്‍ താരതമ്യേന യാത്രാ സമയം കുറവാണ്.