മാര്‍ഖം റിയല്‍ എസ്‌റ്റേറ്റ് ഏജന്റ് യുക്-യിംഗ്(അനിത) മുയിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഫസ്റ്റ് ഡിഗ്രി കൊലപാതക കുറ്റം ചുമത്തിയ പ്രതി ഷിക്‌സിയോംഗ് മാര്‍ക്കോ ഹു കാനഡയില്‍ നിന്നും ഹോങ്കോംഗിലേക്ക് രക്ഷപ്പെട്ടതായി യോര്‍ക്ക് റീജിയണല്‍ പോലീസ്(YRP). മാര്‍ക്കോ ഹു ഹോങ്കോംഗിലേക്ക് കടന്നതായി ബോര്‍ഡര്‍ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചതായി പോലീസ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇയാള്‍ക്ക് വേണ്ടി കാനഡയിലുടനീളം യോര്‍ക്ക് റീജിയണല്‍ പോലീസ്(YRP) അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ഓഗസ്റ്റ് 9 ന് ഒന്റാരിയോയിലെ പാരിസൗണ്ടില്‍ നിന്നുമാണ് മുയിയെ കാണാതായത്. പിന്നീട് നടത്തിയ അന്വേഷണത്തില്‍ മുയിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കഴിഞ്ഞയാഴ്ച പോലീസ് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് മര്‍ഖാം സ്വദേശിയായ ഷിക്‌സിയോങ് മാര്‍ക്കോ ഹു(47)എന്നയാള്‍ക്ക് കൊലപാതകവുമായി ബന്ധമുണ്ടെന്ന സംശയം ഉയര്‍ന്നു.
മാര്‍ക്കോ ഹൂവും മുയിയും തമ്മിലുള്ള ബന്ധമെന്താണെന്നോ കൊലപാതകത്തിലേക്ക് നയിക്കാനുള്ള കാരണത്തെക്കുറിച്ചോ ഇതുവരെ വ്യക്തമായിട്ടില്ല. ഒന്റാരിയോയിലെ സ്റ്റൗഫ്‌വില്ലെയിലെ പ്രോപ്പര്‍ട്ടിയുമായി ബന്ധപ്പെട്ട് മുയിയുമായുള്ള റിയല്‍ എസ്റ്റേറ്റ് ഇടപാടിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസ് കരുതുന്നത്. ഇതിനിടയില്‍ മുയിയുടെ ക്രെഡിറ്റ് കാര്‍ഡ് ഉള്‍പ്പെടെയുള്ള വിലപിടിപ്പുള്ള വസ്തുക്കള്‍ കൈവശം വെച്ചതായി കണ്ടെത്തിയ മൂന്ന് യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒരാള്‍ വിറ്റ്ബി സ്വദേശിയാണ്, മറ്റ് രണ്ട് പേര്‍ ടൊറന്റോയില്‍ നിന്നുള്ളവരാണ്. മുയിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ഇവര്‍ക്ക് പങ്കുണ്ടെന്നും ആയുധങ്ങള്‍ കൈവശം വെച്ചതിനും വഞ്ചനകുറ്റവും ഇവര്‍ക്കെതിരെ ചുമത്തിയതായും പോലീസ് അറിയിച്ചു. മുയിയുടെ കൊലപാതകം ആസൂത്രിതമായിരുന്നുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം.