ആലിപ്പഴ വര്‍ഷം: അറ്റകുറ്റപ്പണികള്‍ക്കായി കാല്‍ഗറി വിമാനത്താവളത്തിന്റെ ഒരു ഭാഗം 18 മാസത്തേക്ക് അടച്ചിടും 

By: 600002 On: Aug 29, 2024, 11:53 AM

 


ഈ മാസം ആദ്യമുണ്ടായ കനത്ത ആലിപ്പഴവര്‍ഷത്തെ തുടര്‍ന്ന് തകര്‍ന്ന കാല്‍ഗറി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്റെ ഒരു ഭാഗം 18 മാസത്തേക്ക് അടച്ചിടുമെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചു. ഓഗസ്റ്റ് 5 നുണ്ടായ ആലിപ്പഴ വര്‍ഷത്തില്‍ ഡൊമെസ്റ്റിക് ടെര്‍മിനലില്‍ വലിയ രീതിയിലുള്ള കേടുപാടുകളാണ് സംഭവിച്ചത്. മേല്‍ക്കൂര തകര്‍ന്നു. കനത്ത മഴയും പെയ്തതോടെ അകത്തേക്ക് വെള്ളമൊഴുകുകയും ചെയ്തു. ഇതേതുടര്‍ന്ന് ടെര്‍മിനലില്‍ കേടുപാടുകള്‍ സംഭവിച്ചു. ഇതിന്റെ അറ്റകുറ്റപ്പണികള്‍ക്കായി കോണ്‍കോഴ്‌സ് ബിയിലെ 10 ഗേറ്റുകള്‍ കുറഞ്ഞത് 18 മാസത്തേക്ക് അടച്ചിടുമെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചു. 

ആദ്യ ഘട്ട അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും ഇനി കോണ്‍കോഴ്‌സിന്റെ മേല്‍ക്കൂരയും ഇന്റീരിയറും നന്നാക്കുന്നതിനുള്ള സമഗ്ര പദ്ധതി വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും എയര്‍പോര്‍ട്ട് അതോറിറ്റി സിഒഒ ക്രിസ് മൈല്‍സ് പ്രസ്താവനയില്‍ പറഞ്ഞു. 

അറ്റകുറ്റപ്പണികളും അടച്ചുപൂട്ടലും യാത്രക്കാരെ ബാധിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. കൊടുങ്കാറ്റില്‍ കേടുപാടുകള്‍ സംഭവിച്ച് വിമാനത്താവളത്തിന്റെ മറ്റ് ഭാഗങ്ങള്‍ സാധാരണനിലയില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതായും അധികൃതര്‍ അറിയിച്ചു.