ടൊറന്റോയില്‍ ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ട ഐഎസ്ഐഎസ് തീവ്രവാദ സംഘടനയുമായി ബന്ധമുള്ള അഹമ്മദ് ഫൗദ് മൊസ്തഫ എല്‍ദിദി(62) 2018 ല്‍ കാനഡയിലെത്തിയതായി പബ്ലിക് സേഫ്റ്റി മിനിസ്റ്റര്‍ ഡൊമിനിക് ലെബ്ലാ. 2015 ല്‍ തീവ്രവാദ സംഘടനയുടെ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടതിന് ശേഷം മൂന്ന് വര്‍ഷം കഴിഞ്ഞാണ് എല്‍ദിദി കാനഡയിലേക്ക് കുടിയേറിയത്. 2024 മെയ് മാസത്തില്‍ ഇയാള്‍ക്ക് കനേഡിയന്‍ പൗരത്വം ലഭിച്ചതായും ഹൗസ് ഓഫ് കോമണ്‍സ് കമ്മിറ്റിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ മന്ത്രി പറയുന്നു. 2018 ഫെബ്രുവരി 5 ന് എല്‍ദിദി ടൊറന്റോ പിയേഴ്‌സണ്‍ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. തുടര്‍ന്ന് ജൂണില്‍ റെഫ്യൂജി ക്ലെയിമിനായി അപേക്ഷ നല്‍കി. 2019 ഫെബ്രുവരിയില്‍ ക്ലെയിം അംഗീകരിച്ചു.
ഈ നടപടികളെല്ലാം സുരക്ഷാ വീഴ്ച ഉണ്ടായെന്നതിനുള്ള തെളിവുകളാണ്. എല്‍ദിദിയെക്കുറിച്ച് അന്വേഷണങ്ങളൊന്നും നടത്താതെ കാനഡയില്‍ തുടരാനുള്ള അനുവാദം അധികൃതര്‍ നല്‍കുകയായിരുന്നു. അതേസമയം, ഈ വര്‍ഷം ജൂണില്‍ കനേഡിയന്‍ സെക്യൂരിറ്റി ഇന്റലിജന്‍സ് എല്‍ദിദിയെക്കുറിച്ചും മകനെക്കുറിച്ചും അന്വേഷിക്കുകയും ഇരുവരുടെയും തീവ്രവാദ ബന്ധം സ്ഥിരീകരിക്കുകയും ചെയ്തു. ജൂലൈ 24 ന് സര്‍ക്കാരില്‍ വിവരമറിയിക്കുകയും ചെയ്തതായി പറയുന്നു.
ഐഎസ്ഐഎസ് ലെവന്റിനും വേണ്ടി കൊലപാതകം നടത്താന്‍ ഗൂഢാലോചന നടത്തിയതുള്‍പ്പെടെ ഒമ്പത് തീവ്രവാദ കുറ്റങ്ങള്‍ നേരിടുന്ന അഹമ്മദ് ഫൗദ് മൊസ്തഫ എല്‍ദിദി, മകന്‍ മൊസ്തഫ എല്‍ദിദി എന്നിവരെ റിച്ചമണ്ട് ഹില്ലില്‍ നിന്നും ജൂലൈ അവസാനം അറസ്റ്റ് ചെയ്യുകയായിരുന്നു. ടൊറന്റോയിലും യോര്‍ക്ക് റീജിയണിലും ജിടിഎ ഉള്‍പ്പെടെയുള്ള പ്രവിശ്യയുടെ മറ്റ് ഭാഗങ്ങളിലും ഭീകരാക്രമണം നടത്താന്‍ ഇരുവരും പദ്ധതിയിട്ടിരുന്നതായി ആര്‍സിഎംപി ആരോപിക്കുന്നു.