ഇനി സന്ദര്‍ശകര്‍ക്ക് വര്‍ക്ക് പെര്‍മിറ്റിന് അപേക്ഷിക്കാനാവില്ല; നയത്തില്‍ മാറ്റം വരുത്തി കാനഡ  

By: 600002 On: Aug 29, 2024, 9:22 AM

 


സന്ദര്‍ശക വിസയിലുള്ള താല്‍ക്കാലിക താമസക്കാര്‍ക്ക് കാനഡയ്ക്കുള്ളില്‍ നിന്ന് വര്‍ക്ക് പെര്‍മിറ്റിന് അപേക്ഷിക്കാന്‍ ഇനി അനുവാദമില്ല. രാജ്യത്തിനകത്ത് നിന്ന് വര്‍ക്ക് പെര്‍മിറ്റിന് അപേക്ഷിക്കാന്‍ സന്ദര്‍ശകരെ അനുവദിക്കുന്ന താല്‍ക്കാലിക പൊതുനയം കാനഡ അവസാനിപ്പിച്ചു. ഓഗസ്റ്റ് 28 മുതല്‍ പുതിയ ഉത്തരവ് പ്രാബല്യത്തില്‍ വരുമെന്ന് അധികൃതര്‍ അറിയിച്ചു. 2020 ഓഗസ്റ്റില്‍ അവതരിപ്പിച്ച താല്‍ക്കാലിക നയം 2025 ഫെബ്രുവരി 28ന് അവസാനിക്കാനിരിക്കെയാണ് പുതിയ നീക്കം. അതേസമയം, 2024 ഓഗസ്റ്റ് 28 ന് മുമ്പ് സമര്‍പ്പിച്ച അപേക്ഷകള്‍ ഐആര്‍സിസി പ്രോസസ് ചെയ്യുന്നത് തുടരുമെന്ന് അറിയിച്ചിട്ടുണ്ട്. 

രാജ്യത്തെ താല്‍ക്കാലിക താമസക്കാരുടെ എണ്ണം നിയന്ത്രിക്കുന്നതിനും ഇമിഗ്രേഷന്‍ സംവിധാനത്തിന്റെ സമഗ്രത സംരക്ഷിക്കുന്നതിനുമാണ് പുതിയ തീരുമാനമെന്ന് ഇമിഗ്രേഷന്‍, റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ(IRCC) വ്യക്തമാക്കി. 

കോവിഡ് പാന്‍ഡെമിക് സമയത്ത് രാജ്യം വിടാന്‍ കഴിയാതിരുന്ന സന്ദര്‍ശകരെ സഹായിക്കാനായാണ് നയം അവതരിപ്പിച്ചത്. ഇതനുസരിച്ച്, സന്ദര്‍ശകര്‍ക്ക് രാജ്യം വിടാതെ തന്നെ വര്‍ക്ക് പെര്‍മിറ്റിന് അപേക്ഷിക്കാമായിരുന്നു.