അടുത്ത മാസം ആരംഭിക്കുമെന്ന് കരുതുന്ന പൈലറ്റുമാരുടെ പണിമുടക്ക് കാരണം ഫ്‌ളൈറ്റുകള്‍ ബുക്ക് ചെയ്ത യാത്രക്കാര്‍ക്ക് അവരുടെ യാത്ര റീബുക്ക് ചെയ്യുന്നതിന് സൗകര്യം ഒരുക്കുമെന്ന് എയര്‍ കാനഡ അറിയിച്ചു. സെപ്റ്റംബര്‍ 15 നും 23 നും ഇടയില്‍ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുള്ള ഉപയോക്താക്കള്‍ക്ക് മറ്റേതെങ്കിലും എയര്‍ കാനഡ ഫ്‌ളൈറ്റില്‍ നവംബര്‍ 30 വരെ അധിക ചെലവില്ലാതെ വീണ്ടും ബുക്ക് ചെയ്യാന്‍ അനുവദിക്കുമെന്ന് എയര്‍ലൈന്‍ അറിയിച്ചു. അതേസമയം ആ തിയതിക്ക് ശേഷം യാത്ര റദ്ദാക്കാനും റീബുക്ക് ചെയ്യാനും ആഗ്രഹിക്കുന്ന ഉപയോക്താക്കള്‍ക്ക് അവരുടെ മാറ്റത്തിനുള്ള ഫീസ് ഒഴിവാക്കും.
റീഫണ്ട് ചെയ്യാവുന്ന ടിക്കറ്റുകളുള്ള ഉപയോക്താക്കള്‍ക്ക് റീഫണ്ടുകള്‍ ലഭ്യമാകും. എന്നാല്‍ ഫ്‌ളൈറ്റുകള്‍ സാധാരണ പോലെ പ്രവര്‍ത്തിക്കാന്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നതിനാല്‍ റീഫണ്ട് ചെയ്യാത്ത ടിക്കറ്റുള്ളവര്‍ക്ക് റീഫണ്ട് ലഭ്യമല്ലെന്ന് എയര്‍ കാനഡ വ്യക്തമാക്കി. എയര്‍കാനഡ മെയിന്‍ലൈന്‍, എയര്‍ കാനഡ റൂജ്, ജാസ് അല്ലെങ്കില്‍ പിഎഎല്‍ എയര്‍ലൈന്‍സ് നടത്തുന്ന എയര്‍ കാനഡ എക്‌സ്പ്രസ് ഫ്‌ളൈറ്റുകള്‍, എയര്‍ കാനഡ വെക്കേഷന്‍സ് എന്നിവയുള്‍പ്പെടെ എയര്‍ കാനഡ നടത്തുന്ന എല്ലാ ഫ്‌ളൈറ്റുകള്‍ക്കും ഈ നിയമം ബാധകമായിരിക്കും.