നിജ്ജാറില്‍ നിന്ന് ഖലിസ്ഥാന്‍ റഫറണ്ടം ക്യാമ്പയിന്‍ ഏറ്റെടുത്ത ഇന്ദ്രജീത് സിംഗ് ഗോസലിന്റെ ജീവന്‍ അപകടത്തിലാണെന്ന് പോലീസ് മുന്നറിയിപ്പ് 

By: 600002 On: Aug 28, 2024, 10:22 AM

 


കൊല്ലപ്പെട്ട ഖലിസ്ഥാന്‍വാദി നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാറില്‍ നിന്ന് ഖലിസ്ഥാന്‍ സ്വാതന്ത്ര്യത്തിനായുള്ള റഫറണ്ടം ക്യാമ്പയിന്‍ ഏറ്റെടുത്ത ആക്ടിവിസ്റ്റ് ഇന്ദ്രജീത് സിംഗ് ഗോസലി(35)ന്റെ ജീവന്‍ അപകടത്തിലാണെന്ന് മുന്നറിയിപ്പ് നല്‍കി ഒന്റാരിയോ പ്രൊവിന്‍ഷ്യല്‍ പോലീസ്. തന്റെ ബ്രാംപ്ടണിലുള്ള വീട്ടില്‍ പോലീസ് മുന്നറിയിപ്പ് നല്‍കാന്‍ എത്തിയിരുന്നതായി ഗോസല്‍ പറഞ്ഞു. എന്നാല്‍ ഈ സമയം താന്‍ വീട്ടില്‍ ഇല്ലായിരുന്നുവെന്നും പിന്നീട് ഫോണില്‍ വിളിച്ച് തന്റെ ജീവന്‍ അപകടത്തിലാണെന്നും ജാഗ്രത പാലിക്കണമെന്നും എന്തെങ്കിലും സംശയാസ്പദമായ സംഭവങ്ങളുണ്ടായാല്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും പോലീസ് അറിയിച്ചതായി ഗോസല്‍ മാധ്യമങ്ങളോട് പറഞ്ഞു. 

സിഖ് ഭൂരിപക്ഷമുള്ള പഞ്ചാബിന്റെ സ്വാതന്ത്ര്യത്തെക്കുറിച്ച് കാനഡയിലുടനീളം നടക്കുന്ന റഫറണ്ടത്തിന്റെ കോര്‍ഡിനേറ്ററാണ് ഇന്ദ്രജീത് സിംഗ് ഗോസല്‍. കഴിഞ്ഞ വര്‍ഷം സറേയില്‍ നിജ്ജാര്‍ വെടിയേറ്റ് മരിച്ചതിന് ശേഷമാണ് ഗോസല്‍ പ്രചാരണത്തിന്റെ നേതൃത്വ പദവിയിലേക്ക് എത്തുന്നത്.