സൈബര്‍ ആക്രമണം: ഒരു മില്യണ്‍  Park'N Fly ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നു 

By: 600002 On: Aug 27, 2024, 12:34 PM

 

 

കഴിഞ്ഞമാസമുണ്ടായ സൈബര്‍ ആക്രമണത്തില്‍ ഏകദേശം ഒരു മില്യണ്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നതായി എയര്‍പോര്‍ട്ട് പാര്‍ക്കിംഗ് കമ്പനിയായ Park'N Fly റിപ്പോര്‍ട്ട് ചെയ്തു. ജൂലൈ 11 നും 13 നും ഇടയിലാണ് സൈബര്‍ ആക്രമണം ഉണ്ടായത്. വിവരങ്ങള്‍ ചോര്‍ത്താന്‍ ഹാക്കര്‍മാര്‍ കമ്പനിയുടെ നെറ്റ്‌വര്‍ക്കിലേക്ക് റിമോട്ട് വിപിഎന്‍ ആക്‌സസ് വഴി പ്രവേശനം നേടിയതായി സിഇഒ കാര്‍ലോ മാരെല്ലോ പറഞ്ഞു. 

ഉപയോക്താക്കളുടെ പേരുകള്‍, ഇ മെയില്‍, മെയിലിംഗ് വിലാസങ്ങള്‍, സിഎഎ നമ്പറുകള്‍ തുടങ്ങിയ അടിസ്ഥാന വിവരങ്ങളാണ് ചോര്‍ന്നതെന്ന് കമ്പനി വ്യക്തമാക്കുന്നു. അതേസമയം, സെര്‍വറുകളില്‍ ഉപഭോക്തൃ ക്രെഡിറ്റ് കാര്‍ഡുകളോ പാസ്‌വേഡുകളോ സംഭരിക്കാത്തതിനാല്‍ പേയ്‌മെന്റ് വിവരങ്ങള്‍ അപഹരിക്കപ്പെട്ടിട്ടില്ലെന്നും കമ്പനി പറഞ്ഞു. സൈബര്‍ ആക്രമണം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ തന്നെ കമ്പനിയുടെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ടീമും സൈബര്‍ സുരക്ഷാ ടീമും എന്തൊക്കെ വിവരങ്ങളാണ് ചോര്‍ന്നതെന്ന് കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചിരുന്നുവെന്ന് കമ്പനി വ്യക്തമാക്കി. ഉപഭോക്താക്കളെ ഇ മെയില്‍ വഴി വിവരം അറിയിച്ചിട്ടുണ്ടെന്നും കമ്പനി അറിയിച്ചു.