കാനഡയില്‍ കുറഞ്ഞ വേതനമുള്ള താല്‍ക്കാലിക തൊഴിലാളികളുടെ എണ്ണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് ഫെഡറല്‍ സര്‍ക്കാര്‍ 

By: 600002 On: Aug 27, 2024, 8:56 AM

 


കാനഡയില്‍ കുറഞ്ഞ വേതനമുള്ള താല്‍ക്കാലിക വിദേശ തൊഴിലാളികളുടെ എണ്ണം നിയന്ത്രിക്കുമെന്ന് ഫെഡറല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഹാലിഫാക്‌സില്‍ ചേര്‍ന്ന ലിബറല്‍ കാബിനറ്റ് സമ്മര്‍ റിട്രീറ്റ് മീറ്റിംഗിലാണ് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഇക്കാര്യം പ്രഖ്യാപിച്ചത്. സ്വദേശി വത്കരണം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. സെപ്റ്റംബര്‍ 26 മുതലാണ് നിയമം പ്രാബല്യത്തില്‍ വരിക. 

പുതിയ നിയമപ്രകാരം, തൊഴിലില്ലായ്മ നിരക്ക് ആറ് ശതമാനമോ അതില്‍ കൂടുതലോ പ്രദേശങ്ങളില്‍ കുറഞ്ഞ വേതനമുള്ള താല്‍ക്കാലിക വിദേശ തൊഴിലാളികള്‍ക്കുള്ള അപേക്ഷകള്‍ നിരസിക്കുമെന്ന് ട്രൂഡോ അറിയിച്ചു. കൂടുതല്‍ കനേഡിയന്‍ പൗരന്മാര്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കണമെന്ന് തൊഴിലുടമകളോട് അദ്ദേഹം ആവശ്യപ്പെട്ടു. മോണ്‍ട്രിയലിലെ കുറഞ്ഞ വരുമാനമുള്ള താല്‍ക്കാലിക വിദേശ തൊഴിലാളികളുടെ എണ്ണം നിയന്ത്രിക്കുമെന്ന് കഴിഞ്ഞയാഴ്ച ക്യുബെക്ക് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് രാജ്യത്ത് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഫെഡറല്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. 

പുതിയ നിയമപ്രകാരം, കാനഡയിലെ തൊഴിലുടമകള്‍ക്ക് അവരുടെ മൊത്തം തൊഴിലാളികളുടെ 10 ശതമാനത്തിലധികം പേരെ TFWP  പ്രോഗ്രാം വഴി നിയമിക്കാന്‍ അനുവദിക്കില്ല. കൂടാതെ കുറഞ്ഞ വേതന സ്ട്രീം വഴി നിയമിക്കപ്പെടുന്ന തൊഴിലാളികളുടെ പരമാവധി തൊഴില്‍ കാലയളവ് രണ്ട് വര്‍ഷത്തില്‍ നിന്ന് ഒരു വര്‍ഷമായും കുറയ്ക്കും.