ജോലി സമയത്ത് കാഷ്യര്‍മാര്‍ക്ക് ഇരിക്കാനുള്ള അനുവാദം; പുതിയ പൈലറ്റ് പ്രോഗ്രാം അവതരിപ്പിച്ച് ലോബ്ലോ

By: 600002 On: Aug 26, 2024, 11:20 AM

 


കാനഡയിലെ ചില സ്‌റ്റോറുകളില്‍ ജോലി സമയത്ത് കാഷ്യര്‍മാര്‍ക്ക് ഇരിക്കാനുള്ള അനുമതി നല്‍കി ലോബ്ലോ. പുതിയ പൈലറ്റ് പ്രോഗ്രാമിന്റെ ഭാഗമായാണ് ഈ നീക്കം. ഈ വര്‍ഷം ആദ്യം രാജ്യത്തുടനീളമുള്ള 10 ല്‍ അധികം സ്‌റ്റോറുകളില്‍ നാല് മാസം പൈലറ്റ് പ്രോഗ്രാം നടത്തിയിരുന്നതായി കമ്പനി മാധ്യമങ്ങളോട് പറഞ്ഞു. ഈ സമയം കമ്പനിയിലെ ചെക്ക്ഔട്ട് ജീവനക്കാര്‍ക്ക് ഇരിക്കാന്‍ അനുവാദം നല്‍കിയിരുന്നു. അറ്റ്‌ലാന്റിക് മേഖലയില്‍ മൂന്ന് സ്‌റ്റോറുകള്‍, ഒന്റാരിയോയില്‍ മൂന്ന്, വെസ്‌റ്റേണ്‍ കാനഡയില്‍ നാല് എന്നിങ്ങനെയാണ് പരീക്ഷണാടിസ്ഥാനത്തില്‍ പ്രോഗ്രാം ആരംഭിച്ചതെന്ന് ലോബ്ലോ മീഡിയ പ്രതിനിധി പറഞ്ഞു. ഈ പൈലറ്റ് പ്രോഗ്രാം ഓഗസ്റ്റ് മാസം ആദ്യം അവസാനിച്ചു. സഹപ്രവര്‍ത്തകരുടെയും ഉപഭോക്താക്കളുടെയും പ്രതികരണം വിലയിരുത്തി പ്രോഗ്രാമിന്റെ അടുത്ത ഘട്ടം തീരുമാനിക്കുമെന്ന് കമ്പനി അറിയിച്ചു. 

കാനഡയിലും അമേരിക്കയിലും കാഷ്യര്‍മാര്‍ സാധാരണയായി ഇരുന്ന് ജോലി ചെയ്യാറില്ല. എന്നാല്‍ യൂറോപ്പില്‍ ഈ രീതി കൂടുതല്‍ സാധാരണമാണ്. ജര്‍മ്മന്‍ ഗ്രോസറി ശൃംഖലയായ ആല്‍ഡിയും യുകെ ആസ്ഥാനമായുള്ള ടെസ്‌കോ ശൃംഖലയും തങ്ങളുടെ ജീവനക്കാരെ ഉല്‍പ്പന്നങ്ങള്‍ സ്‌കാന്‍ ചെയ്യുന്ന സമയത്ത് ഇരിക്കാന്‍ അനുവദിക്കുന്നുണ്ട്. 

ഡെല്‍ഹൗസി സര്‍വകലാശാലയിലെ അഗ്രി-ഫുഡ് അനലിറ്റിക്‌സ് ലാബിന്റെ ഡയറക്ടര്‍ സില്‍വെയ്ന്‍ ചാള്‍ബോയ്‌സ് ലോബ്ലോവിന്റെ പൈലറ്റ് പ്രോഗ്രാമിനെക്കുറിച്ച് എക്‌സില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതിന് നിരവധി സപ്പോര്‍ട്ടീവ് കമന്റുകളാണ് ലഭിച്ചത്. ഇതൊരു മികച്ച ആശയമാണെന്നും എല്ലാ കാഷ്യര്‍മാര്‍ക്കും അവര്‍ക്ക് ആവശ്യമെങ്കില്‍ ഇരിക്കാനുള്ള സൗകര്യം ഒരുക്കുന്നത് സ്വീകാര്യമാണെന്നും പ്രതികരണങ്ങള്‍ ലഭിച്ചു.