കാനഡയില്‍ എംപ്ലോയ്‌മെന്റ് ഇന്‍ഷുറന്‍സ് ബെനിഫിറ്റ് ലഭിക്കുന്നവരുടെ എണ്ണം വര്‍ധിച്ചതായി സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ റിപ്പോര്‍ട്ട്. എംപ്ലോയ്‌മെന്റ് ഇന്‍ഷുറന്‍സ് ബെനിഫിറ്റ് ലഭിച്ച 25 നും 54 നും ഇടയില്‍ പ്രായമുള്ള പുരുഷന്മാരുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ജൂണില്‍ ഏകദേശം 13 ശതമാനം വര്‍ധിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. അനുകൂല്യം ലഭിക്കുന്ന സ്ത്രീകളുടെ എണ്ണം 10.5 ശതമാനം വര്‍ധിച്ചു. ജൂണിലും ജൂലൈയിലും എംപ്ലോയ്‌മെന്റ് ഇന്‍ഷുറന്‍സ് ബെനിഫിറ്റ് ലഭിക്കുന്ന ഗുണഭോക്താക്കളുടെ എണ്ണം വര്‍ധിച്ചതായി ഏജന്‍സി പറയുന്നു.
രാജ്യത്തെ അണ്‍എംപ്ലോയ്‌മെന്റ് ഇന്‍ഷുറന്‍സ് പ്രോഗ്രാമാണ് എംപ്ലോയ്‌മെന്റ് ഇന്‍ഷുറന്‍സ്(EI). സമീപകാലത്ത് ജോലി നഷ്ടപ്പെട്ടയാളുകള്‍ക്ക് താല്‍ക്കാലിക സാമ്പത്തിക സഹായം നല്‍കുക എന്നതാണ് ഈ പ്രോഗ്രാമിലൂടെ ചെയ്യുന്നത്. ജൂണ്‍ മാസത്തില്‍ മൊത്തം 474,000 പേര്‍ക്ക് EI ബെനിഫിറ്റ് ലഭിച്ചു. ഇത് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 10.4 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്.
അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് ശരാശരി ഇന്‍ഷ്വര്‍ ചെയ്യാവുന്ന പ്രതിവാര വരുമാനത്തിന്റെ 55 ശതമാനം വരെ, പരമാവധി തുക ലഭിക്കും. രാജ്യത്തെ ആളുകള്‍ക്ക് 14 ആഴ്ച മുതല്‍ പരമാവധി 45 ആഴ്ച വരെ EI ബെനിഫിറ്റ് ലഭിക്കും. ആനുകൂല്യം സ്വീകരിക്കുന്ന ആളുകളുടെ എണ്ണത്തില്‍ ഏറ്റവും വലിയ വര്‍ധന ഉണ്ടായിരിക്കുന്നത് ഒന്റാരിയോയിലാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 2024 ജൂണില്‍ പ്രവിശ്യയില്‍ 30,000 പേര്‍ക്ക് കൂടി ആനുകൂല്യങ്ങള്‍ ലഭിച്ചു. അതേസമയം, ന്യൂഫൗണ്ട്‌ലാന്‍ഡ് ആന്‍ഡ് ലാബ്രഡോര്‍, ന്യൂബ്രണ്‍സ്‌വിക്ക്, നുനാവുട്ട് എന്നിവടങ്ങളില്‍ മാത്രമാണ് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഗുണഭോക്താക്കള്‍ കുറഞ്ഞത്.