80 -ലും 100 -ലും വെറുതെയിരുന്നില്ല, ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മുത്തശ്ശി, വയസ്സ് 116

By: 600007 On: Aug 24, 2024, 11:17 AM

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി എന്ന ഗിന്നസ് വേൾഡ് റെക്കോർഡ് പദവി സ്വന്തമാക്കി ജപ്പാനിൽ നിന്നുള്ള ടോമിക്കോ ഇറ്റൂക്ക. 116 വയസ്സാണ് ഈ മുത്തശ്ശിക്ക് പ്രായം. ഏതാനും ദിവസങ്ങൾ മുൻപ് സാൻഫ്രാൻസിസ്‌കോ നിവാസിയായ മരിയ ബ്രാന്യാസ് മൊറേറ എന്ന മുത്തശ്ശി 117 -ാം വയസ്സിൽ അന്തരിച്ചതോടെയാണ് ഇറ്റൂക്ക മുത്തശ്ശി ഈ നേട്ടം സ്വന്തമാക്കിയത്.


1908 മെയ് 23 -ന് ജനിച്ച ഇറ്റൂക്കയുടെ പ്രായം 116 ആണെന്ന് ജെറൻ്റോളജി  റിസർച്ച് ഗ്രൂപ്പ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. 2019 മുതൽ  ഒരു വൃദ്ധസദനത്തിലാണ് അവർ  താമസിക്കുന്നത്. അതിനു മുൻപ്, തന്റെ 110 -ാം വയസ്സ് വരെ ഇറ്റൂക്ക പെൺമക്കളോടൊപ്പം വീട്ടിലായിരുന്നു താമസിച്ചിരുന്നത്. ഇരുപതാം വയസ്സിൽ വിവാഹിതയായ ഇറ്റൂക്കയ്ക്ക്, രണ്ട് പെൺമക്കളും രണ്ട് ആൺമക്കളും ഉണ്ട്. രണ്ടാം ലോകമഹായുദ്ധസമയത്ത്, ഭർത്താവിൻ്റെ ടെക്സ്റ്റൈൽ ഫാക്ടറി കൈകാര്യം ചെയ്തിരുന്നതിൽ ഇറ്റൂക്ക പ്രധാന പങ്ക് വഹിച്ചിരുന്നു.

1979 -ൽ ഭർത്താവ് മരണപ്പെട്ടതിന് ശേഷം ഇവർ തൻ്റെ ജന്മനാടായ നാരയിൽ ഏകദേശം 10 വർഷത്തോളം താമസിച്ചു.  ജീവിതത്തിൽ എപ്പോഴും ഊർജ്ജസ്വലയായി ഇരിക്കുന്ന പ്രകൃതമാണ് ഈ മുത്തശ്ശിയുടേത്. 70 -കളിൽ അവൾ നിജോ പർവതം കയറുകയും 3,067 മീറ്റർ മൗണ്ട് ഒൺടേക്ക് രണ്ടുതവണ കീഴടക്കുകയും ചെയ്തു. 80 വയസ്സുള്ളപ്പോൾ, 33 ബുദ്ധക്ഷേത്രങ്ങളിലൂടെയുള്ള വെല്ലുവിളി നിറഞ്ഞ പാതയായ സൈഗോകു കനോൻ (Saigoku Kannon Pilgrimage) തീർത്ഥാടനം രണ്ടുതവണ ഇറ്റൂക്ക പൂർത്തിയാക്കി. 100 -ാം വയസ്സിൽ ആഷിയാ ദേവാലയത്തിൻ്റെ കൽപ്പടവുകൾ പരസഹായമില്ലാതെ കയറി.  

ജെറൻ്റോളജി റിസർച്ച് ഗ്രൂപ്പ് രേഖകൾ അനുസരിച്ച്, 2022 ൽ, പേര് വെളിപ്പെടുത്താത്ത 115 വയസ്സുള്ള ഒരു സ്ത്രീയുടെ മരണശേഷം, ടോമിക്കോ ഇറ്റൂക്ക ഹ്യോഗോ പ്രിഫെക്ചറിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയുടെ സ്ഥാനം നേടി. 
2023 -ൽ അവൾ തൻ്റെ 115 -ാം ജന്മദിനം ആഘോഷിച്ചു, രണ്ട് ദിവസത്തിന് ശേഷം, ഹ്യോഗോ പ്രിഫെക്ചറിൽ നിന്നുള്ള ഏറ്റവും പ്രായം കൂടിയ വ്യക്തിയായി അവർ മാറി.  2023 ഡിസംബർ 12 ന് 116 വയസ്സുള്ള ഫ്യൂസ ടാറ്റ്സുമിയുടെ മരണശേഷം, ജപ്പാനിലെയും ഏഷ്യയിലെയും ഏറ്റവും പ്രായം കൂടിയ വ്യക്തിയായി ഇറ്റൂക്ക സ്ഥിരീകരിക്കപ്പെട്ടിരുന്നു