കാനഡയിലെ റെയില്‍വെ ശൃംഖലകളെ സ്തംഭിപ്പിച്ച തൊഴില്‍ തര്‍ക്കത്തില്‍ പരിഹാരം കാണുമെന്ന ഫെഡറല്‍ സര്‍ക്കാരിന്റെ ഉറപ്പ് ലഭിച്ചതോടെ പണിമുടക്ക് അവസാനിപ്പിക്കാന്‍ ഒരുങ്ങി കനേഡിയന്‍ നാഷണല്‍ റെയില്‍വേ, കനേഡിയന്‍ പസഫിക് കന്‍സാസ് സിറ്റി എന്നീ റെയില്‍വേ കമ്പനികളിലെ തൊഴിലാളികള്‍. പണിമുടക്ക് അവസാനിപ്പിക്കാന്‍ കാനഡ ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് ബോര്‍ഡിനോട് ബൈന്‍ഡിംഗ് ആര്‍ബിട്രേഷന്‍ ചുമത്താന്‍ തൊഴില്‍ മന്ത്രി സ്റ്റീവന്‍ മക് കിനോണ്‍
ആവശ്യപ്പെട്ടു. ഇതിനായി ലേബര്‍ കോഡിന്റെ സെക്ഷന്‍ 107 പ്രകാരമുള്ള തന്റെ അധികാരം വിനിയോഗിക്കുമെന്നും അദ്ദേഹം അറിയിച്ചു.
സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഇടപെടല്‍ ഉണ്ടായതോടെ തൊഴിലാളികളുടെ ലോക്കൗട്ട് അവസാനിപ്പിച്ചതായും പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാന്‍ ഒരുങ്ങുന്നതായും കനേഡിയന്‍ നാഷണല്‍ റെയില്‍വേ അറിയിച്ചു. പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുമെന്ന് കനേഡിയന്‍ പസഫിക് കന്‍സാസ് സിറ്റിയും അറിയിച്ചു.
വേതനം, ഷിഫ്റ്റ് ഷെഡ്യൂളിംഗ്, തൊഴിലാളികളുടെ വിശ്രമ സമയം എന്നിവയുമായി ബന്ധപ്പെട്ട കരാര്‍ ചര്‍ച്ചയില്‍ റെയില്‍വെ കമ്പനികള്‍ യൂണിയനുമായി ധാരണയിലെത്താത്തിനെ തുടര്‍ന്നാണ് രാജ്യത്ത് റെയില്‍വെ സമരം ആരംഭിച്ചത്. സമരം ചരക്ക് നീക്കത്തെയും വിതരണ ശൃഖലകളെയും മറ്റ് യാത്രക്കാരെയും സാരമായി ബാധിച്ചിരുന്നു.