നിയമവിരുദ്ധമായി ഓണ്‍ലൈന്‍ സ്‌റ്റോക്ക് ട്രേഡിംഗ് സ്‌കീമുമായി ബന്ധപ്പെട്ട് തട്ടിപ്പ് നടത്തിയതിന് അമേരിക്ക അന്വേഷിക്കുന്ന കോടീശ്വരനായ കനേഡിയന്‍-ഇസ്രയേലി റേസിംഗ് കാര്‍ ഡ്രൈവറും സോഷ്യല്‍മീഡിയ ഇന്‍ഫ്‌ളൂവന്‍സറുമായ ജോഷ്വ കാര്‍ട്ടുവിനെ റഷ്യയില്‍ പോലീസ് അറസ്റ്റ് ചെയ്തു. സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലെ പുല്‍കോവോ വിമാനത്താവളത്തില്‍ നിന്നുമാണ് 45 വയസ്സുള്ള ജോഷ്വ കാര്‍ട്ടുവിനെ പോലീസ് അറസ്റ്റ് ചെയ്തതെന്ന് റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗ്ലോബല്‍ അഫയേഴ്‌സ് കാനഡ അറസ്റ്റ് സ്ഥിരീകരിക്കുന്നുണ്ടെങ്കിലും സ്വകാര്യത കണക്കിലെടുത്ത് മറ്റ് വിവരങ്ങള്‍ പുറത്തുവിടാന്‍ തയാറായിട്ടില്ല.
2013 നും 2018 നും ഇടയില്‍ നിയമവിരുദ്ധമായി ബൈനറി ഓപ്ഷന്‍ ട്രേഡിംഗ് സ്‌കീം നടത്തി നിക്ഷേപകരില്‍ നിന്നും ദശലക്ഷ കണക്കിന് ഡോളര്‍ തട്ടിപ്പ് നടത്തിയെന്ന് യുഎസ് കമ്മോഡിറ്റി ഫ്യൂച്ചേഴ്‌സ് ട്രേഡിംഗ് കമ്മീഷന്‍ പ്രസ്താവനയില്‍ പറയുന്നു. 2020 ല്‍ കമ്മീഷന്‍ കാര്‍ട്ടുവിനും അദ്ദേഹത്തിന്റെ രണ്ട് സഹോദരന്മാരുള്‍പ്പെടെയുള്ളവര്‍ക്കും കമ്പനിക്കുമെതിരെ വഞ്ചനാ കുറ്റം ചുമത്തിയിരുന്നു. കേസില്‍ അമേരിക്ക കാര്‍ട്ടുവിനായി അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടയിലാണ് റഷ്യയില്‍ അറസ്റ്റ് ചെയ്യപ്പെടുന്നത്.
കോടീശ്വരനായ റേസ്-കാര്‍ ഡ്രൈവര്‍, സംരഭകന്‍, മാര്‍ക്കറ്റിംഗ് വിദഗ്ധന്‍, എന്നീ വിശേഷണങ്ങള്‍ കൊണ്ട് ഫോബ്‌സ് മാസികയില്‍ ഉള്‍പ്പെടെ കാര്‍ട്ടു ഇടം നേടിയിട്ടുണ്ട്.
റഷ്യയില്‍ എപ്പോഴാണ് കാര്‍ട്ടു എത്തിയതെന്നതില്‍ വ്യക്തതയില്ല. ഓഗസ്റ്റ് 19 നാണ് ഇയാള്‍ അറസ്റ്റ് ചെയ്യപ്പെടുന്നത്. ബുധനാഴ്ച കോടതി കസ്റ്റഡി 72 മണിക്കൂര്‍ കൂടി നീട്ടി. റഷ്യയുടെ വഞ്ചനാ നിയമപ്രകാരം കാര്‍ട്ടുവിനെതിരെ 10 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റം ചുമത്താമെന്ന് കോടതി പറഞ്ഞു.