കാലിഫോര്‍ണിയ: ഐഫോണ്‍ 16 സിരീസ് പുറത്തിറങ്ങാന്‍ ദിവസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. ഈ ശ്രേണിയിലെ ഏറ്റവും മുന്തിയ മോഡലായ ഐഫോണ്‍ 16 പ്രോ മാക്‌സിനെ കുറിച്ച് ഒരു വിവരം ഇതിന് മുന്നോടിയായി പുറത്തുവന്നിരിക്കുകയാണ്.
ഐഫോണ്‍ 16 പ്രോ മാക്‌സിന് ആപ്പിളിന്‍റെ ചരിത്രത്തിലെ ഏറ്റവും കനംകുറഞ്ഞ സ്ക്രീന്‍ ബെസെല്‍സാണ് (സ്ക്രീനിന് ചുറ്റുമുള്ള സുതാര്യമായ പുറംചട്ട) വരിക എന്നാണ് ഒരു ടിപ്‌സ്റ്റെര്‍ പുറത്തുവിട്ടിരിക്കുന്നത്. ഈ സ്ക്രീന്‍ ബെസല്‍സിന്‍റെ സൈസും പുറത്തുവന്നിട്ടുണ്ട്. 1.15 എംഎം മാത്രമായിരിക്കും ബെസല്‍സിന്‍റെ വലിപ്പം എന്നാണ് സൂചന. ഇതിനൊപ്പം ഒരു ഡിസൈനും പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇറങ്ങിയ ഐഫോണ്‍ 15 പ്രോ മാക്‌സില്‍ 1.71 എംഎം ബെസെല്‍സാണ് ഡിസ്പ്ലെയ്ക്ക് ചുറ്റുമുണ്ടായിരുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരമുള്ള 1.15 എംഎം സ്ക്രീന്‍ ബെസല്‍സാണ് ഐഫോണ്‍ 16 പ്രോ മാക്‌സിന് വരികയെങ്കില്‍ അത് ഗ്യാലക്‌സി എസ് 24 സിരീസിനും ഗൂഗിള്‍ പിക്‌സല്‍ 9 പ്രോ എക്‌സ്‌എല്ലിനേക്കാളും കുറവായിരിക്കും. ബെസെല്‍സ് കുറയുന്നതോടെ യൂസര്‍മാര്‍ക്ക് ഡിസ്പ്ലെയില്‍ കൂടുതല്‍ സ്പേസ് ലഭിക്കും. ഇത് ഫോണ്‍ ഉപയോഗിക്കാന്‍ കൂടുതല്‍ സൗകര്യപ്രദമാകുന്ന കാര്യമാണ്. ബെസെല്‍സിന്‍റെ വലിപ്പം കുറയ്ക്കായി പ്രത്യേക ശ്രമം നടത്തുന്നതായി ആപ്പിള്‍ വ്യക്തമാക്കിയിരുന്നു.